കൊച്ചി : ഓണക്കാല വിൽപ്പനയിൽ സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് സപ്ലൈകോ. ഉത്രാട ദിനത്തിൽ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകൾ സന്ദർശിച്ചത്. ഓണക്കാല വിൽപന 375 കോടി രൂപ കടന്നതായി സപ്ലൈകോ അറിയിച്ചു. ഇതിൽ 175 കോടി രൂപ സബ്‌സിഡി സാധനങ്ങളുടെ വിൽപ്പനയിലൂടെയാണ്. സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വിറ്റുവരവായ 15.37 കോടിയെ ഭേദിച്ച് 15.7 കോടിയിൽ വിൽപ്പന എത്തിയത് ഓഗസ്റ്റ് 27 നായിരുന്നു. ഓഗസ്റ്റ് മാസം അവസാന വാരം തൊട്ട് പ്രതിദിന വിൽപ്പന റെക്കോർഡുകൾ ഭേദിച്ചു. ഓഗസ്റ്റ് 29 ന് വിൽപ്പന 17.91 കോടിയും 30ന് 19.4 കോടിയും സെപ്റ്റംബർ 1ന് 22.2 കോടിയും 2ന് 24.99 കോടിയും 3 ന് 24.22 കോടിയും കടന്നു.
അരിയുടെയും വെളിച്ചെണ്ണയുടെയും ലഭ്യത ഉറപ്പുവരുത്തിക്കൊണ്ട് വിലക്കയറ്റത്തിനുള്ള സാദ്ധ്യത ഫലപ്രദമായി തടയാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞു. സെപ്റ്റംബർ 3 വരെ 1.19 ലക്ഷം ക്വിന്റൽ അരി വില്പനയിലൂടെ 37.03 കോടി രൂപയുടെയും 20.13 ലക്ഷം ലിറ്റർ ശബരി വെളിച്ചെണ്ണ വില്പനയിലൂടെ 68.96 കോടി രൂപയുടെയും 1.11 ലക്ഷം ലിറ്റർ കേര വെളിച്ചെണ്ണ വില്പനയിലൂടെ 4.95 കോടി രൂപയുടെ വിറ്റുവരവുണ്ടായി. ജില്ലാ ഫെയറുകളിൽ 4.74 കോടി രൂപയുടെയും നിയോജക മണ്ഡല ഫെയറുകളിൽ 14.41 കോടി രൂപയുടെയും വില്പന നടന്നു.
മഞ്ഞ കാർഡ് വിഭാഗത്തിനും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും നൽകുന്ന ഓണക്കിറ്റിന്റെ വിതരണം ഉത്രാട ദിനത്തിൽ ഉച്ചവരെ 90 ശതമാനം പൂർത്തിയായി. വിലക്കയറ്റമില്ലാത്തതും സമൃദ്ധവുമായ ഓണം മലയാളികൾക്ക് നൽകാൻ കഴിയും വിധം സപ്ലൈകോയുടെയും പൊതുവിതരണ വകുപ്പിന്റെയും പ്രവർത്തനങ്ങൾ വിജയകരമാക്കിയ സപ്ലൈകോയുടെ ദിവസവേതന- പായ്ക്കിംഗ്- കരാർ തൊഴിലാളികളടക്കമുള്ള ജീവനക്കാർക്കും വകുപ്പ് ജീവനക്കാർക്കും റേഷൻ വ്യാപാരികൾക്കും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ അഭിനന്ദനങ്ങൾ അറിയിച്ചു.