(Photo Courtesy : SonyTV & X)
ദുബൈ : ഏഷ്യാകപ്പിൽ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ‘സൂപ്പര്‍ ഫോറി’ൽ. ഒട്ടും കളിയാരവങ്ങളില്ലാത്ത വേദിയാലായിരുന്നു ഇന്ത്യയുടെ മിന്നും വിജയം. പഹൽഗാം ആക്രമണം ഉയർത്തി നടന്ന ബഹിഷ്ക്കരണാഹ്വാനം ഫലം കണ്ടു എന്നു വേണം പറയാൻ. ചരിത്രത്തിലാദ്യമായി ഒഴിഞ്ഞ ഗ്യാലറികൾക്ക് മുന്നിലായിരുന്നു ഇന്ത്യയുടെയും പാക്കിസ്ഥാൻ്റെയും പ്രകടനം. വിജയശേഷം ഇന്ത്യൻ കളിക്കാർ പാക്കിസ്ഥാൻ കളിക്കാർക്ക് കൈകൊടുക്കാതെയായിരുന്നു ക്രിസ് വിട്ടത്.
ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം 25 പന്തും ഏഴ് വിക്കറ്റും ബാക്കി നിൽക്കെയാണ് ഇന്ത്യ മറികടന്നത്. ശുഭ്മാന്‍ ഗില്‍ (ഏഴ് പന്തിൽ 10 റൺസ്), അഭിഷേക് ശര്‍മ (13 പന്തില്‍ 31) തിലക് വര്‍മ (31 പന്തില്‍ 31) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. സ്കോര്‍ പാക്കിസ്ഥാന്‍ 20 ഓവറില്‍ 127-9, ഇന്ത്യ 15.5 ഓവറില്‍ 131-3.
പാക്കിസ്ഥാൻ മുന്നോട്ടു വെച്ച128 റണ്‍സ് വിജയലക്ഷ്യം പിൻതുടർന്ന ഇന്ത്യക്കായി അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും പാക് ബൗളർമാരെ പ്രഹരിച്ചാണ് തുടങ്ങിയത്. ഷഹീന്‍ ഷാ അഫ്രീദിയുടെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് അഭിഷേക് തുടങ്ങിയത്. രണ്ടാം പന്താകട്ടെ, സിക്സും. അങ്ങനെ ആദ്യ ഓവറില്‍ 12 റണ്‍സ്. ശുഭ്മാന്‍ ഗില്ലും തുടക്കം ഗംഭീരമാക്കി. സയ്യിം അയൂബ് എറിഞ്ഞ ആദ്യ രണ്ട് പന്തുകളും ബൗണ്ടറി തൊട്ടു. പക്ഷെ, ഗില്ലിന് അധികം ആയുസ്സുണ്ടായില്ല. അതേ ഓവറിലെ അവസാന പന്തില്‍ ഗിൽ ഔട്ട്. ഗില്ലിനെ മുഹമ്മദ് ഹാരിസ് സ്റ്റംപ് ചെയ്യുകയായിരുന്നു.
ഗില്‍ മടങ്ങിയപ്പോൾ മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എത്തി. മറുവശത്ത് അടിതുടര്‍ന്ന അഭിഷേകും വിക്കറ്റ് നഷ്ടപ്പെടുത്തിയത് സയ്യിം അയൂബിൻ്റെ പന്തിൽ തന്നെ. നാലാം ഓവറില്‍ സയ്യിം അയൂബിനെതിരെ തുടര്‍ച്ചയായി രണ്ട് ബൗണ്ടറികള്‍ നേടിയ അഭിഷേക് അടുത്ത പന്ത് സിക്സിന് പറത്താനുള്ള ശ്രമത്തിൽ ലോംഗ് ഓഫില്‍ ഫഹീം അഷ്റഫിന്‍റെ കൈകളിൽ ഒതുങ്ങി.13 പന്തില്‍ 31 റണ്‍സായിരുന്നു ഇന്ത്യൻ വിജയത്തിലേക്ക് അഭിഷേക് ചേർത്ത് വെച്ചത്.
പിന്നീട് ക്രീസിലെത്തിയ തിലക് വര്‍മയും ക്യാപ്റ്റൻ സൂര്യകുമാറും ചേര്‍ന്ന് പവര്‍ പ്ലേയില്‍ ഇന്ത്യയെ 61 റണ്‍സിലെത്തിച്ചു. 10 ഓവറില്‍ ഇന്ത്യ 88 ലെത്തി. സ്കോര്‍ 100 കടക്കും മുമ്പ് തിലക് വര്‍മയേയും സയ്യിം അയൂബ് തന്നെ മടക്കി. 31 പന്തില്‍ 31 റണ്‍സായിരുന്നു തിലക് വർമയുടെ സമ്പാദ്യം. കൂടുതല്‍ നഷ്ടങ്ങളില്ലാതെ സൂര്യയും ശിവം ദുബെയും ചേര്‍ന്ന് 15.5 ഓവറില്‍ ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു. പാക്കിസ്ഥാനുവേണ്ടി സയ്യിം അയൂബ് 35 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാൻ്റെ ഇന്നിംഗ്സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സിൽ അവസാനിച്ചു. 44 പന്തില്‍ 40 റണ്‍സെടുത്ത ഓപ്പണര്‍ സാഹിബ്സാദ ഫര്‍ഹാനാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറർ. പിന്നീട് വാലറ്റത്ത് മാത്രമാണ് ഒരു തിളക്കം കണ്ടത്. ഷഹീന്‍ ഷാ അഫ്രീദി പുറത്താകാതെ നേടിയ 16 പന്തില്‍ 33 റണ്‍സാണ് പാക്കിസ്ഥാന് നൂറിൽ മീതെ സ്കോർ നേടാൻ ഇടയാക്കിയത്. സര്‍ദാനും അഫ്രീദിക്കും പുറമെ ഫഖര്‍ സമന്‍(17), ഫഹീം അഷ്റഫ്(11), സൂഫിയാന്‍ മുഖീം എന്നിവര്‍ മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാലോവറില്‍ 18 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അക്സര്‍ പട്ടേലും ജസ്പ്രീത് ബുമ്രയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.