ന്യൂഡല്‍ഹി : ആഗോള അയ്യപ്പസംഗമം സ്റ്റേ ചെയ്യുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയിൽ. ഈ ആവശ്യം ഉന്നയിച്ച് ദേവസ്വം ബോര്‍ഡ് തടസ്സഹര്‍ജി ഫയല്‍ ചെയ്തു. സ്റ്റേ ആവശ്യത്തെ സംസ്ഥാന സര്‍ക്കാരും എതിർക്കും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി അഭിഭാഷകന്‍ പി എസ് സുധീറാണ് സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്തത്. ആഗോള അയ്യപ്പ സംഗമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച ഡോ. പി.എസ്. മഹേന്ദ്ര കുമാറിന്റെ അഭിഭാഷകന്‍ എം.എസ്. വിഷ്ണു ശങ്കറാണ് ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ്മാരായ കെ. വിനോദ് ചന്ദ്രന്‍, എ.എസ്. ചന്ദുര്‍കര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ആവശ്യം ഉന്നയിച്ചത്.
പരിസ്ഥിതിലോല മേഖലയായ പമ്പാ നദിയുടെ തീരത്താണ് സംഗമം നടക്കുന്നതെന്നും ദേശിയ ഹരിത ട്രിബ്യുണല്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് വിഷ്ണു ശങ്കര്‍ കോടതിയിൽ ചൂണ്ടിക്കാട്ടിയത്. ദേവസ്വം ബോര്‍ഡ് ഫണ്ട് രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കോടതിയില്‍ ബോധിപ്പിച്ചു. ഹര്‍ജി ബുധനാഴ്ച്ച സുപ്രീം കോടതി പരിഗണിക്കും