(Photo Courtesy : Fly 91/Instagram)
കൊച്ചി : മലയാളിയുടെ സ്വന്തം എയർലൈൻസ് ഫ്ലൈ 91 കൊച്ചിയിൽ പറന്നിറങ്ങി. ആദ്യമായാണ് ഫ്ലൈ 91 എയർലൈൻസ്’ കമ്പനിയുടെ എടിആർ വിമാനം കേരളത്തിലെത്തുന്നത്. കൊച്ചിയിൽ നിന്ന് ബംഗളൂരുവിലേക്ക് യാത്രക്കാരെ എത്തിക്കാൻ ചാർട്ടേഡ് സർവ്വീസ് എന്ന രീതിയിലാണ് ഫ്ലൈ 91എത്തിയത്.
തൃശൂർ സ്വദേശി മനോജ് ചാക്കോ നേതൃത്വം നൽകുന്നതാണ് ‘ഫ്ലൈ 91 എയർലൈൻസ്’ കമ്പനി. കിങ്ഫിഷർ എയർലൈൻസിൻ്റെ മുൻ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റായിരുന്നു മനോജ്. 200 കോടി രൂപ പ്രാരംഭ മൂലധനത്തോടെയാണ് ഫ്ലൈ91 പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. ഗോവ ആസ്ഥാനമായിട്ടുള്ള കമ്പനിക്ക് നിലവിൽ 3 വിമാനങ്ങളാണുള്ളത്. ഗോവ, പുണെ, ഹൈദരാബാദ്, ബെംഗളൂരു, ലക്ഷദ്വീപ് അടക്കം 8 റൂട്ടുകളിൽ ഇപ്പോൾ സർവ്വീസ് നടത്തുന്നുണ്ട്.

അടുത്ത 5 വർഷത്തിനുള്ളിൽ 50 നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കമ്പനി വിപുലപ്പെടുത്താനാണ് പദ്ധതി. ചെറുനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതും സാധാരണക്കാർക്കും വിമാനയാത്ര സാദ്ധ്യമാക്കുക എന്നതാണ് ലക്ഷ്യം. ‘അതിരുകളില്ലാത്ത ആകാശം’ എന്ന ടാഗ്‍ലൈനോട് കൂടിയ ലോഗോയാണ് കമ്പനിക്കുള്ളത്. ഇന്ത്യയുടെ ടെലിഫോൺ കോഡിനെ സൂചിപ്പിക്കുന്നതാണ് പേരിലെ 91.