(Photo Courtesy : X)
ടോക്കിയോ : ജപ്പാന് മുന്നിൽ പതറി വീണ് ബ്രസീല്‍. 2026 ഫിഫ ഫുട്ബോൾ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിലാണ് ഏഷ്യൻ ടീം അഞ്ചു തവണ ലോകചാമ്പ്യന്മാരായ ബ്രസീലിനെ 3-2ന് തകർത്തെറിഞ്ഞത്. രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു കാനറികളുടെ പതനം.

ജപ്പാൻ തലസ്ഥാന നഗരിയായ ടോക്കിയോയിലെ അജിനോമോട്ടോ സ്റ്റേഡിയത്തിൽ അരങ്ങേറിയ മത്സരത്തിലെ ആദ്യ പകുതിയിൽ തന്നെ ബ്രസീൽ രണ്ട് ഗോളിന് മുന്നിലെത്തി. 26ാം മിനിറ്റിൽ ഹെന്റികും, 32ാം മിനിറ്റിൽ ഗബ്രിയേൽ മാർടിനല്ലിയുമാണ് ടീമിനായി ഗോൾ കണ്ടെത്തിയത്. എത്ര ഗോളിന് ജയമെന്നേ ഇനി കണക്കുകൂട്ടാനുണ്ടായിരുന്നുള്ളൂ.

എന്നാൽ, രണ്ടാം പകുതിയിൽ ജപ്പാൻ്റെ പുനവതാരമാണ് കണ്ടത്. സർവ്വശക്തിയുമെടുത്ത് ജപ്പാൻ നടത്തിയ പ്രത്യാക്രമണത്തിൽ ബ്രസീൽ അക്ഷരാർത്ഥത്തിൽ കളി മറന്നു. 52ാം മിനിറ്റിൽ തകുമി മിനാമിനോയി ആണ് ബ്രസീലിൻ്റെ വല കുലുക്കി ടീമിന് പ്രചോദനമായത്. പിന്നാലെ 62ാം മിനിറ്റിൽ കെയ്റ്റോ നകാമുറ സമനില ഗോൾ നേടി.

ബ്രസീലിനെതിരെ ആദ്യമായാണ് ജപ്പാൻ വിജയം നേടുന്നത്. മുമ്പ് അവർക്കെതിരെ കളിച്ച 13 മത്സരങ്ങളിൽ 11 എണ്ണത്തിലും ജപ്പാൻ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ജാപ്പനീസ് ഫുട്ബോൾ എത്രത്തോളം ഉയർന്നുവന്നിട്ടുണ്ടെന്ന് തെളിയിക്കുന്ന സുവർണ്ണ നിമിഷമായിരുന്നു ഇത്.
