മുംബൈ : ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിൻ്റെ ഫൈനലിൽ ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ കളിക്കളത്തിലിറങ്ങുമ്പോൾ കപ്പ് എന്ന ലക്ഷ്യത്തിൽ കുറഞ്ഞൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല. മറുഭാഗത്ത് ദക്ഷിണാഫ്രിക്കയുടെയും സ്ഥിതി വ്യത്യസ്തമല്ല. വനിതാ ലോകകപ്പ് നേടാൻ അവർക്കും ഇതുവരെ ഭാഗ്യമുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ രണ്ടു ടീമിൽ ആര് കിരീടം നേടിയാലും അത് ചരിത്രമാകും.
നവി മുംബൈയിലെ ഡോ. ഡി.വൈ. പാട്ടീൽ സ്പോർട്സ് അക്കാദമിയിലാണ് ഫൈനൽ മത്സരം. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക ഫൈനൽ മത്സരത്തിന് തുടക്കമാകുക. രണ്ടാം സെമി ഫൈനലിൽ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയക്കെതിരെ ചരിത്രവിജയം നേടിയാണ് ഇന്ത്യ ഫൈനൽ ബർത്ത് ഉറപ്പിച്ചത്. ലോകകപ്പ് സെമി ഫൈനൽ മത്സരത്തിലെ റെക്കോഡ് ചേസിങ്ങിൽ 5 വിക്കറ്റിനാണ് ഓസ്ട്രേലിയയെ തോൽപ്പിച്ചത്. ഇംഗ്ലണ്ടിനെ 125 റൺസിന് പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റം.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും കൊമ്പുകോർക്കുന്ന കലാശപ്പോരാട്ടത്തിൽ മഴ വില്ലനാകുമോ എന്നതാണ് ഭയപ്പെടുത്തുന്ന കാര്യം. മത്സരത്തിനിടെ മഴയുടെ ഭീഷണി ചൂണ്ടിക്കാട്ടുന്നുണ്ട്. അക്വുവെതർ റിപ്പോർട്ട് പ്രകാരം നവംബർ രണ്ടിന് നവി മുംബൈയിൽ മഴ പെയ്യാനുള്ള സാദ്ധ്യത 63% ആണ്. ഞായറാഴ്ച രാവിലെ മുതൽ നവി മുംബൈ മേഘാവൃതമായേക്കുമെന്നും ഉച്ചകഴിഞ്ഞ് മഴ പെയ്തിറങ്ങാനുമാണ് സാദ്ധ്യത കൽപ്പിക്കുന്നത്.
മഴമൂലം ഉപേക്ഷിക്കേണ്ടി വരുമോ എന്ന് ആകാംക്ഷ കൊള്ളുന്ന ആരാധകർക്ക് ഒരു റിസർവ് ദിനം കൂടി ഐസിസി മുന്നോട്ടു വെച്ചിട്ടുണ്ട്. നവംബർ രണ്ടിന് ഞായറാഴ്ച മഴമൂലം കുറഞ്ഞത് 20 ഓവർ എങ്കിലും മത്സരം സാദ്ധ്യമായില്ലെങ്കിൽ കളി നവംബർ 3 – ലെ
റിസർവ് ദിനത്തിലേക്ക് മാറ്റും.
റിസർവ്വ് ദിനമായ തിങ്കളാഴ്ചയും മഴ കളി ഏറ്റെടുത്താൽ പിറ്റേ ദിവസം മത്സരം നിർത്തിയ ഓവറിൽ നിന്ന് പുനരാരംഭിക്കും. ഫൈനലിൽ ടോസ് നടന്നുകഴിഞ്ഞാൽ, മത്സരം തത്സമയം പരിഗണിക്കും.
റിസർവ്വ് ദിനത്തിൽ മഴ കളി തടസ്സപ്പെടുത്തുകയും കുറഞ്ഞത് 20 ഓവറുകൾ പൂർത്തിയാക്കാൻ കഴിയാതിരിക്കുകയും ചെയ്താൽ ഇന്ത്യയേയും ദക്ഷിണാഫ്രിക്കയേയും സംയുക്ത വിജയികളായി പ്രഖ്യാപിക്കും. 2002 ലെ ഐസിസി പുരുഷ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെയും ശ്രീലങ്കയെയും ഇങ്ങനെ സംയുക്ത വിജയികളായി പ്രഖ്യാപിച്ചിരുന്നു.
