തിരുപ്പതി : തിരുമല തിരുപ്പതി ദേവസ്ഥാനത്തിലെ പ്രത്യേക പ്രസാദമായ ലഡു തയ്യാറാക്കാന്‍ വ്യാജ നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട് വമ്പന്‍ തട്ടിപ്പാണ് നടന്നതെന്ന് സിബിഐ. സംഭവവുമായി ബന്ധപ്പെട്ട് 50 ലക്ഷം രൂപയുടെ വഴിവിട്ട ഇടപാടുകളും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
ആന്ധ്രപ്രദേശ് ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അംഗമായ ചിന്നപ്പണ്ണ ഡല്‍ഹി ആസ്ഥാനമായുള്ള ഏജന്റായ അമന്‍ ഗുപ്തയില്‍ നിന്ന് 20 ലക്ഷം രൂപയും ഉത്തര്‍പ്രദേശ് ആസ്ഥാനമായുള്ള
പ്രീമിയര്‍ അഗ്രി ഫുഡ്സ് സീനിയര്‍ എക്സിക്യൂട്ടീവ് വിജയ് ഗുപ്തയില്‍നിന്ന് 20 ലക്ഷം രൂപയും സ്വീകരിച്ചതായാണ് ആരോപണം. ഡല്‍ഹിയിലെ പട്ടേല്‍ നഗര്‍ മെട്രോ സ്റ്റേഷന് സമീപമാണ് രണ്ട് ഇടപാടുകളും നടന്നതെന്നാണ് റിപ്പോര്‍ട്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസിൻ്റെ ലോക്സഭാ എംപിയും മുന്‍ തിരുമല തിരുപ്പതി ദേവസ്ഥാനം ചെയര്‍മാനുമായിരുന്ന വൈ.വി. സുബ്ബ റെഡ്ഡിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് കൂടിയാണ് കെ. ചിന്നപ്പണ്ണ.
അതേസമയം വ്യാജ നെയ്യ് തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ വിതരണം ചെയ്തതില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ഡല്‍ഹി വ്യാപാരിയായ അജയ് കുമാര്‍ സുഗന്ധയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കേസിലെ 16-ാം പ്രതിയായ അജയ് കുമാറുമായി വളരെ അടുത്ത ബന്ധമുള്ള ഉത്തരാഖണ്ഡിലെ ഭോലെ ബാബ ഓര്‍ഗാനിക് ഡയറി എന്ന കമ്പനിയാണ് ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്തത്. ഒരു തുള്ളി പാൽ പോലും വാങ്ങുകയോ സംഭരിക്കുകയോ ചെയ്യാത്ത ഈ കമ്പനിയാണ് വ്യാജ നെയ്യ് തയാറാക്കി വിതരണം ചെയ്തതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.
ഭോലെ ബാബ ഡയറി ഡയറക്ടര്‍മാരായ പോമില്‍ ജെയിന്‍, വിപിന്‍ ജെയിന്‍ എന്നിവരുമായി അജയ് കുമാര്‍ വര്‍ഷങ്ങളോളം ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഏഴു വര്‍ഷമായി അജയ് കുമാര്‍ പാം ഓയില്‍ സംസ്‌ക്കരണത്തില്‍ ഉപയോഗിക്കുന്ന മോണോഗ്ലിസറൈഡുകള്‍, അസറ്റിക് ആസിഡ്, എസ്റ്ററുകള്‍ എന്നിവ ഭോലെബാബ ഡയറിക്ക് വിതരണം ചെയ്യുന്നു. ദക്ഷിണ കൊറിയയില്‍ നിന്ന് ഇറക്കുമതി ചെയ്ത് ഡല്‍ഹി ആസ്ഥാനമായുള്ള ഒരു ശൃംഖലവഴി വിതരണംചെയ്ത ഈ രാസവസ്തുക്കള്‍ അജയ് കുമാറിന്റെ കമ്പനിയുടെ പേരില്‍ വാങ്ങി ഭോലെ ബാബ ഡയറിയുടെ ഉത്പാദന യൂണിറ്റുകള്‍ക്ക് നൽകുയായിരുന്നു. കേസിൽ പോമില്‍ ജെയിന്‍, വിപിന്‍ ജെയിന്‍ എന്നിവരെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
ശുദ്ധമായ നെയ്യിന്റെ ഘടനയും സുഗന്ധവും ലഭിക്കാന്‍ പാം ഓയില്‍ രാസവസ്തുക്കളുമായി കലര്‍ത്തിയാണ് വ്യാജ നെയ്യ് ഉണ്ടാക്കിയത്. പിന്നീട് ഇത് വൈഷ്ണവി, എആര്‍ ഡയറി എന്നീ ബ്രാന്‍ഡുകള്‍വഴി വിതരണംചെയ്ത ഈ നെയ്യാണ് തിരുപ്പതി ലഡു ഉണ്ടാക്കാനായി ഉപയോഗിച്ചതെന്നും റിപ്പോർട്ട് പറയുന്നു. നെയ്യില്‍ 90% ൽ അധികം പാം ഓയിലും രാസവസ്തുക്കളുമാണ് കലര്‍ത്തിയിട്ടുള്ളതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ.
ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്ത നാല് ഡയറികള്‍ ടെന്‍ഡറുകൾ നേടുന്നതിനായി രേഖകളിലും വിലയിലും കൃത്രിമം കാണിച്ചുവെന്നും 240.8 കോടി രൂപ വിലമതിക്കുന്ന 60.37 ലക്ഷം കിലോഗ്രാം മായം ചേര്‍ത്ത നെയ്യ് ക്ഷേത്രത്തിലെത്തിയതായും അന്വേഷണ സംഘം വ്യക്തമാക്കുന്നു. പോത്തിന്റെയും പന്നിയുടെയും കൊഴുപ്പും മീന്‍ എണ്ണയും പാമോയിലും ഉപയോഗിച്ചാണ് കമ്പനി നെയ്യ് തയ്യാറാക്കിയിരുന്നത്.
2022-ൽ കരിമ്പട്ടികയില്‍പെടുത്തിയിരുന്നെ കമ്പനിയാണ്
ഭോലെ ബാബ ഓര്‍ഗാനിക് ഡയറി. എന്നാൽ തുടർന്ന് മറ്റു കമ്പനികളെ മറയാക്കി വ്യാജ നെയ്യ് വിതരണം ഇവർ തുടർന്നുകൊണ്ടേയിരുന്നു. തിരുപ്പതി ആസ്ഥാനമായുള്ള വൈഷ്ണവി ഡയറി, ഉത്തര്‍പ്രദേശിലെ മാല്‍ ഗംഗ, തമിഴ്‌നാട്ടിലെ എ.ആര്‍ ഡയറി ഫുഡ്‌സ് തുടങ്ങിയ കമ്പനികളിലൂടെയായിരുന്നു വിതരണം നടത്തിയിരുന്നത്.
