കോഴിക്കോട്: കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞിട്ടും തർക്കത്തിന് പര്യവസാനം കാണാനാകാതെ വന്നപ്പോൾ രാജിവെച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ്, മുസ്ലീം ലീഗ് നേതാക്കൾ.
കോഴിക്കോട് നോര്‍ത്ത് വനിതാലീഗ് മണ്ഡലം സെക്രട്ടറി റംലയും കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി എന്‍ വി ബാബുരാജുവുമാണ് രാജിവെച്ചത്. വെള്ളിയാഴ്ച പ്രഖ്യാപിച്ച സ്ഥാനാർത്ഥികളുടെ പട്ടികയോടുള്ള വിയോജിപ്പില്‍ നല്ലളം ഡിവിഷനിലെ വാര്‍ഡ് കമ്മിറ്റികളും രാജിവെക്കാനാണ് സാദ്ധ്യത. മുഖദാര്‍, പന്നിയങ്കര, നല്ലളം, അരിക്കാട്, കൊളത്തറ മൂന്നാലിങ്കല്‍ ഡിവിഷനുകളിലും പട്ടികയ്‌ക്കെതിരെ പ്രതിഷേധം ശക്തമാണ്.
തര്‍ക്കം പരിഹരിക്കാനായില്ലെങ്കില്‍ കോവൂരിലും കുറ്റിച്ചിറയിലും മുഖദാറിലും വിമത സ്ഥാനാർത്ഥികളെ കളത്തിലിറക്കിയേക്കുമെന്നുള്ള ഭീഷണിയും നിലനിൽക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വാര്‍ഡ് കമ്മിറ്റികള്‍ക്ക് അഭിപ്രായമറിയിക്കാന്‍ എം കെ മുനീറിന്റെ നേതൃത്വത്തില്‍ അവസരമൊരുക്കുകയും പരാതികള്‍ കേട്ടുപരിഹരിക്കാൻ ഒരു സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നെങ്കിലും പരിഹാരം മാത്രം അകന്ന് തന്നെ നിന്നു. ഒടുവില്‍ വെള്ളിയാഴ്ച സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പിന്നാലെ പൊട്ടിത്തെറി പുറത്തെത്തി.
കോര്‍പറേഷന്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വീഴ്ചയെന്ന് ആരോപിച്ചാണ് കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി എന്‍ വി ബാബുരാജുവിൻ്റെ രാജി. എരഞ്ഞിപ്പാലം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ മാര്‍ഗ്ഗരേഖ അട്ടിമറിച്ചുവെന്നും വാര്‍ഡ് കമ്മിറ്റി നല്‍കിയ പേരുകള്‍ പരിഗണിച്ചില്ലെന്നും പരാതിയുയർന്നു. പരാജയം ഭയന്ന് കെപിസിസി ജനറല്‍ സെക്രട്ടറി മറ്റൊരു വാര്‍ഡിലേക്ക് മാറി.
