സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ വിമർശനം നേരിട്ട് കേരള ഘടകം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങളാണ് വിഷയം യോഗത്തില്‍ ഉന്നയിച്ചത്. സിപിഐഎം ജനറല്‍ സെക്രട്ടറിയെപ്പോലും ഇരുട്ടില്‍ നിര്‍ത്തിയെന്നാണ് വിമര്‍ശനം.
കേന്ദ്ര നേതൃത്വത്തോട് കൂടിയാലോചിക്കാതെയാണ് പാര്‍ട്ടി നയത്തില്‍ നിന്ന് ഭിന്നമായ ഒരു തീരുമാനം സിപിഐഎം നേതൃത്വം നല്‍കുന്ന കേരള സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് അംഗങ്ങള്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ ചൂണ്ടിക്കാട്ടി. പി എം ശ്രീ കരാറുമായി മുന്നോട്ടു പോകാന്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് ജനറല്‍ സെക്രട്ടറിയോട് പോലും കൂടിയാലോചിച്ചില്ല. കേരളത്തിലെ പി എം ശ്രീ വിവാദം ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു.
പി എം ശ്രീ വിഷയത്തില്‍ സിപിഐ നേതാക്കള്‍ നടത്തിയ പരസ്യ പ്രതികരണങ്ങളാണ് വിവാദമുണ്ടാക്കിയതെന്ന് പോളിറ്റ് ബ്യൂറോ യോഗത്തില്‍ കേരളഘടകം മറുപടി നല്‍കി. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചെന്നും കേരള ഘടനം പോളിറ്റ് ബ്യൂറോ യോഗത്തില്‍ വിശദീകരിച്ചു. പി എം ശ്രീ ധാരണാ പത്രത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഒപ്പുവയ്ക്കുകയും പിന്നീട് സിപിഐയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആ തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോകുകയുമായിരുന്നു.
