രൂപൈദിഹ : നേപ്പാളിലെ ബഹ്റൈച്ച് ജില്ല അതിർത്തി പ്രദേശമായ റുപൈദിഹ വഴി അനധികൃതമായി ഇന്ത്യയിലേക്ക് പ്രവേശിച്ച രണ്ട് ഡോക്ടർമാർ അറസ്റ്റിൽ. ഒരു പുരുഷനും സ്ത്രീയുമാണ് അറസ്റ്റിലായത്. രണ്ടു പേരുടെയും കൈവശമുള്ളത് ബ്രിട്ടീഷ് പാസ്പോർട്ടാണ്. സുഷമ കാർലിൻ ഒലിവിയ (61), ഹസ്സൻ അമൻ സലീം (35) എന്നിവകെയാണ് പോലീസ് പിടികൂടിയത്. ഒലിവിയയുടെ പക്കൽ നിന്നും ബ്രിട്ടീഷ് പാസ്പോർട്ടും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡും കണ്ടെത്തി. യു.കെയിലെ ഗ്ലൗസെസ്റ്ററിലാണ് അവരുടെ ഇപ്പോഴത്തെ വിലാസം. പാക്കിസ്ഥാൻ വംശജനായ ഹസ്സൻ അമൻ സലീമിന്റെ വിലാസം യുകെയിലെ മാഞ്ചസ്റ്ററാണ്.
നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് കടന്ന രണ്ട് വിദേശികളെ കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെ പരിശോധനയ്ക്കായി തടഞ്ഞുവെച്ചതായി എസ്എസ്ബിയുടെ 42-ാം ബറ്റാലിയന്റെ കമാൻഡന്റ് ഗംഗാ സിംഗ് ഉദാവത്ത് വെളിപ്പെടുത്തിയിരുന്നു. രേഖകൾ പരിശോധിച്ചപ്പോൾ, ഇരുവരും ബ്രിട്ടീഷ് പൗരന്മാരാണെന്നും സാധുവായ ഇന്ത്യൻ വിസ കൈവശം ഇല്ലെന്നും കണ്ടെത്തി. ഇരുവരും മെഡിക്കൽ പ്രൊഫഷണലുകളാണെന്ന് അവകാശപ്പെടുകയും ഒരു പ്രാദേശിക ആശുപത്രിയുടെ ക്ഷണപ്രകാരം നേപ്പാളിലെ നേപ്പാൾഗഞ്ചിലേക്ക് യാത്ര ചെയ്തതായി കണ്ടെത്തിയതായും ഉദാവത്ത് പറഞ്ഞു. എന്നാൽ, സാധുവായ യാത്രാ രേഖകളില്ലാതെ ഇന്ത്യയിലേക്ക് പ്രവേശിക്കാനുള്ള അവരുടെ ശ്രമം തൃപ്തികരമായി വിശദീകരിക്കാൻ അവർക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുടർനടപടികൾക്കായി അവരെ രൂപൈദേഹ പോലീസിന് കൈമാറിയിട്ടുണ്ടെന്നും ഉദാവത്ത് കൂട്ടിച്ചേർത്തു.
പോലീസ് സൂപ്രണ്ട് രാമനായൻ സിംഗ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം, 1967 ലെ പാസ്പോർട്ട് ആക്ട് പ്രകാരം ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡൽഹി ചെങ്കോട്ട സ്ഫോടനത്തെത്തുടർന്ന്, ഉത്തർപ്രദേശ്-നേപ്പാൾ അതിർത്തിയിൽ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലായിരുന്നു. ഈ പരിശോധനയ്ക്കിടെയാണ് നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് വിദേശ പൗരന്മാരുടെ സംശയാസ്പദമായ പെരുമാറ്റം റുപൈദിഹ അതിർത്തിയിലെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. പിടിക്കപ്പെട്ട വിദേശ പൗരന്മാരെ ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
