(പ്രതീകാത്മക ചിത്രം)
കുമളി : വർഷങ്ങളായി പോലീസിനെ വെട്ടിച്ച് മുങ്ങി നടക്കുകയായിരുന്ന പ്രതി പോലീസ് പിടിയിലായി. നിരവധി കേസുകളിലെ പ്രതി തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി സലാവുദ്ദീ(62)നെയാണ് കുമളി പോലീസ് അറസ്റ്റുചെയ്തത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ വോട്ടർപ്പട്ടിക പരിശോധനയിലാണ് പ്രതി തിരുവനന്തപുരത്തുണ്ടെന്ന് അറിയാൻ കഴിഞ്ഞതും പിടികൂടിയതും.
10 വർഷം മുൻപ് കുമളിയിലെ റോസാപ്പൂക്കണ്ടത്തിൽ ഒരു ഹോംസ്റ്റേ വാടകയ്ക്കെടുത്ത സലാവുദ്ദീൻ കെട്ടിടം പിന്നീട് മറ്റൊരാൾക്ക് മറിച്ച് നൽകുകയായിരുന്നു. തട്ടിപ്പ് മനസ്സിലാക്കിയ ഹോംസ്റ്റേയുടെ ഉടമയും പണയത്തിന് എടുത്തയാളും കുമളി പോലീസിൽ പരാതി നൽകി. ഈ പ്രദേശത്തെ നിരവധിപേരോടും സമാനമായ രീതിയിൽ ലക്ഷക്കണക്കിന് രൂപയുടെ തടിപ്പ് നടത്തിയാണ് ഇയാൾ മുങ്ങിയത്. കുമളി പോലീസ്‌സ്റ്റേഷനിൽ മാത്രം 10 കേസിലെ പ്രതിയാണ് സലാവുദ്ദീൻ.
പോലീസ് ഇൻസ്പെക്ടർ അഭിലാഷ്‌കുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ ഷിനോമോൻ, സി.പി. രതീഷ് എന്നിവരാണ് തിരുവനന്തപുരത്തെത്തി പ്രതിയെ പിടികൂടിയത്. തട്ടിപ്പിൽ പണം നഷ്ടപ്പെട്ട നിരവധിപേർ പരാതിയുമായി കുമളി പോലീസ്‌സ്റ്റേഷനിൽ എത്തുന്നുണ്ട്. പ്രതിയെ പീരുമേട് കോടതി റിമാൻ്റ് ചെയ്തു.
