[ Photo Courtesy : ANI/X]
ഗോദാവരി : ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ മരേഡുമില്ലി പ്രദേശത്ത് ബുധനാഴ്ച രാവിലെ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. ഓപ്പറേഷൻ തുടർന്നും നടന്നുകൊണ്ടിരിക്കുകയാണെന്ന് ഫീൽഡ് റിപ്പോർട്ടുകൾ ചൂണിക്കാട്ടി സംസ്ഥാന ഇൻ്റലിജൻസ് എഡിജി മഹേഷ് ചന്ദ്ര ലഡ്ഡ പത്രസമ്മേളനത്തിൽ അറിയിച്ചു.
കൊല്ലപ്പെട്ട നക്സലൈറ്റുകളിൽ മൂന്ന് സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് എഡിജി ലദ്ദ പറഞ്ഞു. അവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സംഭവസ്ഥലത്ത് നിന്ന് നിരവധി പ്രധാന രേഖകളും ആയുധങ്ങളും സാങ്കേതിക ഉപകരണങ്ങളും സുരക്ഷാസേന കണ്ടെടുത്തിട്ടുണ്ട്
ഛത്തീസ്ഗഡിൽ നിന്ന് ആന്ധ്രാപ്രദേശിലേക്ക് നക്സലൈറ്റുകൾ നിരന്തരം മുന്നേറാൻ ശ്രമിക്കുന്നുണ്ടെന്നും രഹസ്യാന്വേഷണ ഏജൻസികൾ അവരുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇൻ്റലിജൻസ് എഡിജി
പറഞ്ഞു.
പ്രാഥമിക തിരിച്ചറിയലിൽ കൊല്ലപ്പെട്ട നക്സലൈറ്റുകളിൽ ഒരാളെക്കുറിച്ച് സ്ഥിരീകരണമായിട്ടുണ്ട്. ശ്രീകാകുളം സ്വദേശിയായ ശങ്കർ എന്ന മേതുരി ജോഗാറാവു ആണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. പോലീസ് പറയുന്നതനുസരിച്ച്, ആന്ധ്ര-ഒഡീഷ അതിർത്തിയിൽ (എഒബി) ഏരിയ കമ്മിറ്റി അംഗമായി (എസിഎം) ശങ്കർ പ്രവർത്തിച്ചിരുന്നു. ഇയാൾ നക്സലൈറ്റ് സംഘടനയിലെ ഒരു സാങ്കേതിക വിദഗ്ദ്ധനാണെന്ന് വിലയിരുത്തുന്നു.
ആയുധ നിർമ്മാണം, ആശയവിനിമയ സംവിധാനങ്ങൾ, സാങ്കേതിക ശൃംഖലകൾ പ്രവർത്തിപ്പിക്കൽ എന്നിവയിൽ ശങ്കർ വിദഗ്ദ്ധനായിരുന്നു. സുരക്ഷാ ഏജൻസികളുടെ അഭിപ്രായത്തിൽ, എഒബി മേഖലയിലെ നക്സലൈറ്റ് സാങ്കേതിക കഴിവുകൾ ശക്തിപ്പെടുത്തുന്നതിൽ ഈ കേഡർ പ്രമുഖനായിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ആന്ധ്ര-ഒഡീഷ മേഖലയിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ വീണ്ടും വർദ്ധിച്ചുവരുന്നതിന്റെ സൂചനകൾക്കിടയിലാണ് ഈ ഏറ്റുമുട്ടൽ. നക്സലൈറ്റുകൾ വനങ്ങളിൽ പുതിയ താവളങ്ങൾ സ്ഥാപിക്കുകയും പ്രാദേശിക കേഡറുകളെ സജീവമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സംയുക്ത സേന തിരച്ചിൽ ആരംഭിച്ചത്.
നവംബർ 17 നും സുരക്ഷാ സേന ഒരു വലിയ ഓപ്പറേഷൻ നടത്തിയതായി എഡിജി സ്ഥിരീകരിച്ചു. അന്ന് മാരേഡുമില്ലിയിൽ നടന്ന ഏറ്റുമുട്ടലിൽ നക്സലൈറ്റ് നേതാവ് ഹിദ്മ ഉൾപ്പെടെ ആറ് നക്സലൈറ്റുകൾ കൊല്ലപ്പെട്ടിരുന്നു. അവരിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പോലീസ് വലിയ തോതിലുള്ള തിരച്ചിലിന് തുടക്കമിട്ടത്. തുടർന്ന്, എൻടിആർ, കൃഷ്ണ, കാക്കിനാഡ, കൊണസീമ, ഏലുരു ജില്ലകളിൽ നിന്ന് 50 നക്സലൈറ്റുകളെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് കേന്ദ്ര, സംസ്ഥാന, ഏരിയ കമ്മിറ്റി അംഗങ്ങൾ, പ്ലാറ്റൂൺ ടീം അംഗങ്ങൾ കൂട്ടത്തോടെ അറസ്റ്റ് ചെയ്യപ്പെടുന്നത്.
