വാഷിങ്ടൺ : അമേരിക്കയിൽ കമ്പനികൾ ജീവനക്കാരെ
ജോലിയിൽ നിന്ന് പരിച്ചുവിടുന്ന നടപടികൾ തുടരുന്നു. ദിനംപ്രതി ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം ഉയരുകയാണ്. ഇക്കഴിഞ്ഞ നവംബർ മാസം മാത്രം 71,321 പേർക്ക് ജോലി നഷ്ടപ്പെട്ടു. ഇതോടെ 2025ൽ കമ്പനികളിൽ നിന്ന് പിരിച്ചുവിട്ട ജീവനക്കാരുടെ എണ്ണം 1.17 ദശലക്ഷമായി. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
കോർപ്പറേറ്റുകൾ ചെലവ് നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതും മാന്ദ്യത്തിന്റെ സൂചനകളും വിവിധ വ്യവസായങ്ങളിലെ പുന:ക്രമീകരണവുമാണ് കൂട്ടപ്പിരിച്ചുവിടൽ (Layoff) വർദ്ധിക്കാനുള്ള കാരണം. ഒപ്പം, ഓട്ടോമേഷനും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും വർദ്ധിച്ചുവരുന്നതിനാൽ പല കമ്പനികളും പഴയ വിപുലീകരണ കാലഘട്ടത്തിൽ രൂപീകരിച്ച ടീമുകളെയും പിരിച്ചുവിടുകയാണ്.
1993 മുതൽ ഇത് ആറാം തവണയാണ് ഒരുവർഷത്തെ പിരിച്ചുവിടലുകൾ 1.1 ദശലക്ഷം കവിയുന്നത്. ഈ വർഷം സർക്കാർ മേഖലയിൽ പിരിച്ചുവിടലുകൾ ഉണ്ടായതും ജോലി നഷ്ടപ്പെട്ടവരുടെ എണ്ണം ഉയരാൻ കാരണമായി. ഒക്ടോബർ വരെ 3,00,000ത്തിലധികം പൊതുമേഖലാ ജോലികൾ ഇല്ലാതായി. ലോജിസ്റ്റിക്സ്, ഉപഭോഗം എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളും കനത്ത തിരിച്ചടി നേരിട്ടു. വെയർഹൗസിങ് മേഖലയിൽ 90,000ത്തിലധികം പേർക്കും റീട്ടെയിൽ മേഖലയിൽ ഏകദേശം 90,000 പേർക്കും ജോലി നഷ്ടപ്പെട്ടു.
