തിരുവനന്തപുരം : ലൈംഗികാതിക്രമക്കേസിൽ പ്രതിയായി ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ ബലാത്സംഗക്കേസിലും മുൻകൂർ ജാമ്യം അനുവദിച്ച് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും ഇടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി ഒപ്പിടണമെന്നാണ് മുൻകൂർ ജാമ്യത്തിൽ വ്യവസ്ഥ. അതേസമയം, രാഹുലിനെതിരായ ആദ്യ ബലാത്സംഗക്കേസിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. ഡിസംബർ 15 ന് തിങ്കളാഴ്ചയാണ് അതിൽ വാദം.
കേരളത്തിന് പുറത്തുള്ള യുവതിയുടെ മൊഴി പ്രകാരം ക്രൈം ബ്രാഞ്ച് ഐപിസി സെക്ഷൻ 376 പ്രകാരമാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. യുവതി കെപിസിസിക്ക് ഇമെയിൽ മുഖേന അയച്ച പരാതി നേതൃത്വം ഡിജിപിക്ക് കൈമാറുകയായിരുന്നു. തുടർന്ന് ക്രൈം ബ്രാഞ്ചിന് കൈമാറി കിട്ടിയ പരാതിയിലാണ് കേസ്സെടുത്തിട്ടുള്ളത്.
വിവാഹ അഭ്യർത്ഥന നടത്തി രാഹുൽ പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോയി ഔട്ട് ഹൗസിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.
2023ൽ ടെലഗ്രാം ആപ്പിൽനിന്ന് യുവതിയുടെ മൊബൈൽ നമ്പർ ലഭിച്ചതിനെ തുടർന്ന് രാഹുൽ ഇവരെ ബന്ധപ്പെടുകയും വിവാഹ വാഗ്ദാനം നൽകിയെന്നുമാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്. തുടർന്ന് ഭാവികാര്യങ്ങൾ ആലോചിക്കാനെന്ന് പറഞ്ഞ് രാഹുൽ യുവതിയെ ഹോംസ്റ്റേയ്ക്ക് സമാനമായ കെട്ടിടത്തിൽ എത്തിച്ചുവെന്നും ബലാത്സംഗം ചെയ്തുവെന്നുമാണ് ആരോപണം. രാഹുലിന്റെ സുഹൃത്ത് ഫെന്നിയാണ് കാർ ഓടിച്ചിരുന്നത്. ഔട്ട് ഹൗസിലെത്തിയപ്പോള്‍ രാഹുൽ എനിക്ക് നിന്നെ ബലാത്സംഗം ചെയ്യണമെന്ന് പറഞ്ഞു. ഉപദ്രവം തുടങ്ങിയപ്പോള്‍ കാലു പിടിച്ച് വെറുതെ വിടണമെന്നാവശ്യപ്പെട്ടെങ്കിലും രാഹുലിൽ നിന്ന് ക്രൂരമായ ലൈംഗികാതിക്രമമാണ് നേരിടേണ്ടി വന്നതെന്നുമാണ് പരാതിക്കാരിയുടെ മൊഴി. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയപ്രേരിതമാണെന്നുമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിലെ വാദം.
