കൊച്ചി: ക്രിസ്മസ് – ന്യൂ ഇയർ അവധിക്കാലത്ത് മുംബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവെ. ലോകമാന്യ തിലക് ടെർമിനസ് സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരം നോർത്ത് വരെയുള്ള സ്പെഷ്യൽ ട്രെയിനിന് കേരളത്തിൽ 18 സ്റ്റോപ്പുകളാണുള്ളത്. ഡിസംബർ 18 മുതൽ ജനുവരി 10 വരെ ഇരുദിശകശിലേക്കുമായി എട്ട് സർവ്വീസുകളാണ് സ്പെഷ്യൽ ട്രെയിൻ നടത്തുക.
ട്രെയിൻ നമ്പർ 01171 ലോകമാന്യ തിലക് ടെർമിനസ് – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ ഡിസംബർ 18 മുതൽ ജനുവരി എട്ട് വരെ വ്യാഴാഴ്ചകളിൽ വൈകീട്ട് 04:00 മണിയ്ക്കാണ് സർവ്വീസ് ആരംഭിക്കുക. തുടർന്ന് പിറ്റേന്ന് (വെള്ളിയാഴ്ചകളിൽ) രാത്രി 11:30ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. ഡിസംബർ 18, 25, 2026 ജനുവരി 1, 8 തീയതികളിലാണ് മുംബൈയിൽ നിന്നുള്ള സർവ്വീസ്.
വെള്ളിയാഴ്ചകളിൽ രാവിലെ 09:40ന് മംഗളൂരുവിലെത്തുന്ന സ്പെഷ്യൽ ട്രെയിൻ 10:29 കാസർഗോഡ്, 11:47 കണ്ണൂർ, 01:12 കോഴിക്കോട്, 02:25 തിരൂർ, 03:00 ഷൊർണൂർ, 03:57 തൃശൂർ, 04:58 ആലുവ, 05:30 എറണാകുളം ടൗൺ, 06:37 കോട്ടയം, 06:56 ചങ്ങനാശേരി, 07:06 തിരുവല്ല, 07:18 ചെങ്ങന്നൂർ, 07:31 മാവേലിക്കര, 07:40 കായംകുളം, 07:54 കരുനാഗപ്പള്ളി, 08:03 ശാസ്താംകോട്ട, 08:27 കൊല്ലം, 08:49 വർക്കല ശിവഗിരി സ്റ്റേഷനുകൾ പിന്നിട്ടാണ് രാത്രി 11:30ന് തിരുവനന്തപുരം നോർത്തിലെത്തുക.
മടക്കയാത്ര 01172 തിരുവനന്തപുരം നോർത്ത് – ലോകമാന്യ തിലക് ടെർമിനസ് സ്പെഷ്യൽ ഡിസംബർ 20 മുതൽ ജനുവരി 10 വരെ ശനിയാഴ്ചകളിലാണ് സർവീസ് നടത്തുക. ശനിയാഴ്തച വൈകീട്ട് 04:20ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്ച പുലർച്ചെ 01:00 മണിയ്ക്ക് മുംബൈയിലെത്തിച്ചേരും.
തിരുവനന്തപുരം 04:20, വർക്കല ശിവഗിരി 04:49, കൊല്ലം 05:10, ശാസ്താംകോട്ട 05:30, കരുനാഗപ്പള്ളി 05:39, കായംകുളം 05:50, മാവേലിക്കര 06:00, ചെങ്ങന്നൂർ 06:12, തിരുവല്ല 06:23, ചങ്ങനാശേരി 06:32, കോട്ടയം 07:00, എറണാകുളം ടൗൺ 08:40, ആലുവ 09:10, തൃശൂർ 10:17, ഷൊർണൂർ 11:15, തിരൂർ 12:10, കോഴിക്കോട 12:37, കണ്ണൂർ 02:00, കാസർഗോഡ് 03:35 എന്നിങ്ങനെയാണ് കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ ട്രെയിൻ എത്തുന്ന സമയം.
ഒരു എസി ടു ടയർ, ആറ് എസി ത്രീ ടയർ, ഒൻപത് സ്ലീപ്പർ ക്ലാസ്, നാല് ജനറൽ സെക്കൻഡ് ക്ലാസ്, ഒരു ഭിന്നശേഷി സൗഹൃദ സെക്കൻഡ് ക്ലാസ് എന്നിങ്ങനെയാണ് സ്പെഷ്യൽ ട്രെയിനിൻ്റെ കോച്ച് പൊസിഷൻ. ട്രെയിനിൻ്റെ ടിക്കറ്റ് ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
