കൊച്ചി : ലൈംഗികാതിക്രമക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. രാഹുൽ നൽകിയ മുൻകൂർ ജ്യാമ്യാപേക്ഷ മാറ്റിവെച്ച സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. മുൻകൂർ ജാമ്യാപേക്ഷ 2026 ജനുവരി 7ന് പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്. തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
പരാതിക്കാരിയുമായി തനിക്ക് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും രാഷ്ട്രീയ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നുമാണ് രാഹുലിന്റെ വാദം. എന്നാൽ, ലൈംഗികാതിക്രമത്തിനും നിർബന്ധിത ഗർഭഛിദ്രത്തിനും രാഹുൽ മുതിർന്നുവെന്നും ഇതിന് മതിയായ തെളിവുകൾ ഉണ്ടെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്.
അതേസമയം, രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
