അഹമ്മദാബാദ് : അന്താരാഷ്ട്ര ട്വൻ്റി20യിൽ 1000 റൺസ് പിന്നിട്ട് ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസൺ. വെള്ളിയാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വൻ്റി20 പരമ്പരയിലെ അഞ്ചാം മത്സരത്തിലാണ് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ നിർണ്ണായക നാഴികകല്ല് പിന്നിട്ടത്. അന്താരാഷ്ട്ര ട്വൻ്റി20യിൽ നാലക്ക സ്കോർ നേടുന്ന 14-ാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനാണ് 31കാരനായ സഞ്ജു. 2024 ട്വൻ്റി20 ലോകകപ്പിന് ശേഷം വിരമിക്കുന്നതിന് മുമ്പ് 159 മത്സരങ്ങളിൽ നിന്ന് 4231 റൺസ് നേടിയ മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് പട്ടികയിൽ മുന്നിൽ
അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിനിറങ്ങുമ്പോൾ 51 മത്സരങ്ങളിൽ നിന്ന് 995 റൺസായിരുന്നു സഞ്ജുവിൻ്റെ സമ്പാദ്യം. മത്സരത്തിൽ 22 പന്തിൽ 37 റൺസാണ് സജ്ജു നേടിയത്. നാല് ഫോറുകളും രണ്ട് സിക്സറുകളും ഉൾപ്പെടുന്നതാണ് താരത്തിൻ്റെ ഇന്നിങ്സ്. ലഖ്നൗവിലെ നാലാം ട്വൻ്റി20 മത്സരത്തിന് മുമ്പ് വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് പരിക്കേറ്റതോടെയാണ് സഞ്ജുവിനെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയത്.
ട്വൻ്റി20 ടീമിലേക്ക് ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനായി തിരികെ എത്തിയതോടെയാണ് മികച്ച രീയിൽ കളിച്ചിരുന്ന ഓപ്പണിങ് സ്ഥാനം സഞ്ജുവിന് നഷ്ടമായത്. ഓപ്പണറായി മൂന്ന് സെഞ്ചുറികളായിരുന്നു സഞ്ജു അടിച്ച് കൂട്ടിയത്. എന്നാൽ ഗില്ലിന് ഈ സ്ഥാനത്ത് തിളങ്ങാൻ കഴിഞ്ഞില്ല. ശുഭ്മാൻ ഗിൽ 14 മത്സരങ്ങളിൽ നിന്ന് 263 റൺസ് മാത്രമേ നേടിയിട്ടുള്ളൂ, അർദ്ധസെഞ്ച്വറികളൊന്നുമില്ല. ഗില്ലിനെ കൂടാതെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെയും മോശം ഫോം ഈ പരമ്പരയിൽ ചർച്ചാ വിഷയമാണ്. 2025 ൽ ഇതുവരെ ഒരു അർദ്ധസെഞ്ച്വറി പോലും സൂര്യക്ക് നേടാനായിട്ടില്ല. ഈ കാലയളവിൽ, അദ്ദേഹം 20 ൽ കൂടുതൽ പന്തുകൾ കളിച്ചത് രണ്ട് തവണ മാത്രമാണ്.
ട്വൻ്റി20 ലോകകപ്പിന് ഇനി രണ്ട് മാസത്തിൽ താഴെ മാത്രമാണ് ശേഷിക്കെന്നിരിക്കെ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് അഞ്ച് ട്വൻ്റി20 മത്സരങ്ങളാണ് നിലവിലുള്ളത്. ഇതിനുള്ളിൽ ക്യാപ്റ്റൻ കൂടിയായ സൂര്യകുമാർ യാദവിന് താളം വീണ്ടെടുത്തെ മതിയാവൂ.
