തിരുവനന്തപുരം : വിവി രാജേഷ് തിരുവനന്തപുരം കോര്‍പറേഷന്‍ മേയർ. 51 വോട്ടുകള്‍ നേടിയാണ് രാജേഷ് വിജയിച്ചത്. 50 ബിജെപി അംഗങ്ങളുടെയും സ്വതന്ത്ര കൗൺസിലർ രാധാകൃഷ്ണന്റെ വോട്ടുമാണ് രാജേഷിന് ലഭിച്ചത്. എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി ആർ പി ശിവജിക്ക് 29 വോട്ടുകൾ ലഭിച്ചു. യുഡിഎഫിന്‍റെ കെ എസ് ശബരീനാഥന് 17 വോട്ടുകളാണ് ലഭിച്ചത്. രണ്ട് യുഡിഎഫ് കൗൺസിലർമാരുടെ വോട്ടുകൾ അസാധുവായി.വെങ്ങാന്നൂർ കൗൺസിലർ എസ് ലതിക, നന്ദൻകോട് കൗൺസിലർ കെ. ആർ ക്‌ളീറ്റസ് എന്നിവരുടെ വോട്ടുകൾ ആണ് അസാധുവായത്.
അതേസമയം, വോട്ടെടുപ്പിൽ പരാതിയുമായി സിപിഎംരംഗത്തെത്തി. ഈശ്വര നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത 20 പേരെ മാറ്റി നിർത്തണമെന്ന ആവശ്യമാണ് സിപിഎം കൗൺസിലർ എസ്.പി ദീപക് ഉന്നയിച്ചത്. ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ട്. നടന്നത് ചട്ടലംഘനമാണെന്നും സിപിഎം ഉന്നയിച്ചു. എന്നാൽ ഈ ആവശ്യം കളക്ടർ അനിത കുമാരി അംഗീകരിച്ചില്ല. സത്യപ്രതിജ്ഞ ചെയ്തവർ ഒപ്പിട്ട് കൗൺസിലർ പദവി ഏറ്റെടുത്തു. ഇവർ ആദ്യത്തെ കൗൺസിൽ യോഗത്തിലും പങ്കെടുത്തു. ഇനി കോടതിയെ ആണ് സമീപിക്കേണ്ടത് എന്ന് കളക്ടർ പറഞ്ഞു. കളക്ടറുടെത് തെറ്റായ നടപടിയാണെന്ന് സിപിഎം കൗൺസിലർ ചൂണ്ടിക്കാട്ടി. ഒരേ കാര്യം വീണ്ടും ആവർത്തിക്കേണ്ടെന്ന് പറഞ്ഞ കളക്ടർ. രേഖാമൂലം മറുപടി നൽകാമെന്നും അറിയിച്ചു.
