തൃശൂര്‍: ഡോ. നിജി ജസ്റ്റിന്‍ തൃശൂർ കോർപ്പറേഷൻ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. മേയര്‍ പദവിയെച്ചൊല്ലി ഇടഞ്ഞു നിന്ന ലാലി ജെയിംസക്കമുള്ളവരുടെ വോട്ട് നേടിയാണ് വിജി മേയർസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ 35 വോട്ടുകളാണ് നിജിക്ക് ലഭിച്ചത്. ഒരു കോണ്‍ഗ്രസ് വിമതൻ്റേയും ഒരു സ്വതന്ത്രൻ്റേയും വോട്ടുകളും ഇതിൽപ്പെടും.
വരണാധികാരിയായ ജില്ലാ കലക്ടര്‍ അരുണ്‍ പാണ്ഡ്യന്റെ മേല്‍നോട്ടത്തിലാണ് മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്. തൃശൂര്‍ നഗരസഭയില്‍ 33 കൗണ്‍സിലര്‍മാരാണ് യു.ഡി.എഫിനുള്ളത്. കിഴക്കുംപാട്ടുകര ഡിവിഷനില്‍ നിന്നും വിജയിച്ച ഡോ. നിജി ജസ്റ്റിന്‍ ഗൈനക്കോളജിസ്റ്റു കൂടിയാണ്.
മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂർ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉണ്ടായിരുന്നു. നിജി ജസ്റ്റിനെ മേയറാക്കിയത് പണം കൈപ്പറ്റിയാണെന്ന് പറഞ്ഞ് മുതിർന്ന കോൺഗ്രസ് കൗൺസിലർ ജില്ലാ കോൺഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. ലാലിക്കെതിരെ നടപടിയെടുക്കാൻ നേതൃത്വം ഒരുങ്ങുന്നുവെന്ന വാർത്തക്ക് പിന്നാലെയാണ് തന്നെ അച്ചടക്കം പഠിപ്പിക്കാൻ വരുന്നവരെ അച്ചടക്കം പഠിപ്പിക്കുമെന്ന പ്രസ്താവനയുമായി ലാലിയെത്തിയത്.
“എന്നെ അച്ചടക്കം പഠിക്കാൻ വരുന്നവരെ അച്ചടക്കം പഠിക്കാനുള്ള വഴി എന്റെ കൈയിലുണ്ട്. ദീര്‍ഘകാലം പ്രതിപക്ഷനേതാവായിരുന്നു രാജൻ പല്ലന്റെ കാര്യങ്ങൾ അടക്കം കൂടുതൽ വെളിപ്പെടുത്തൽ നടത്തും. രാജൻ പല്ലൻ സ്വന്തം ഉയർച്ചക്കാണ് നിൽക്കുന്നത്. പാർട്ടിക്ക് വേണ്ടിയല്ല. അദ്ദേഹത്തെ നിയമസഭാ സീറ്റിൽ മത്സരിപ്പിക്കാൻ എന്നെ ബലിയാടാക്കുകയും എന്നെ മാറ്റി നിർത്തുകയും ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. എനിക്കെതിരെ അച്ചടക്ക നടപടിയുമായി വന്നാൽ പാർട്ടിക്കെതിരെയുള്ള വെളിപ്പെടുത്തൽ എന്റെ കൈയിലുണ്ട്.” ലാലി തുറന്നടിച്ചു.
മടിയിൽ കനമുള്ളവന്റെ കൂടെ ആളുകൾ കൂടുന്ന ചരിത്രമാണ് തൃശൂരിലുള്ളതെന്നും ലാലി പറഞ്ഞു. “ദീപാദാസ് മുൻഷിയും കെ.സി വേണുഗോപാലും തൃശൂരിലെ മേയറെ നിശ്ചയിച്ച് കൊടുക്കുകയാണെങ്കിൽ താഴെ തട്ടിൽ പണിയെടുത്തവരുടെ ചെകിടത്ത് അടിക്കുന്നതിന് തുല്യമല്ലേ. മേയർ സ്ഥാനാർഥിക്കുള്ള വോട്ട് കോൺഗ്രസിനുള്ള വോട്ടാണ്. എന്റെ പാർട്ടിയെ സ്‌നേഹിക്കുന്നു. കേവലം നാലഞ്ച് പേരടങ്ങിയതല്ല പാർട്ടി. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിൽ പങ്കെടുക്കും. കോൺഗ്രസിന് വോട്ട് ചെയ്യും.” – ലാലി വ്യക്തമാക്കി.
പണം വാങ്ങിയാണ് നിജി ജസ്റ്റിന് മേയർ പദവി നൽകിയതെന്ന് ലാലി നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. ചെയ്യുമെന്ന് അവർ പറഞ്ഞു. ”നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എ.ഐ.സി.സി നേതാക്കളെ പോയി കണ്ടിരുന്നു. പണം ഇല്ലാത്തതിന്റെ പേരിലാണ് തന്നെ തഴഞ്ഞത്. താനൊരു വിധവയാണ്. കർഷക കുടുംബത്തിലെ അംഗമാണ്.”- ലാലി ജെയിംസ് പറഞ്ഞു. ആദ്യഘട്ടത്തില്‍ മേയര്‍ സ്ഥാനത്തേക്ക് തന്‍റെ പേരാണ് ഉയർന്നവന്നതെങ്കിലും അവസാനത്തെ മൂന്ന് ദിവസം കൊണ്ട് എന്ത് സംഭവിച്ചു എന്നറിയില്ലെന്നും ലാലി മാധ്യമങ്ങളോട് പറഞ്ഞു.
“മേയർ പദവി എനിക്ക് അർഹതപ്പെട്ടതാണെന്ന് എനിക്കും ജനങ്ങൾക്കും അറിയാം. തൃശൂർ നഗരത്തിൽ മേയർ ആരാകണമെന്ന് ഒരു സർവ്വെ നടത്തിയാൽ ഞാൻ തന്നെയാകും മുന്നിൽ. എനിക്ക് വലുത് പാർട്ടിയാണ്. ദീപാദാസ് മുൻഷിക്കോ, കെ.സി വേണുഗോപാലിനോ ഇവിടുത്തെ വാർഡുകളെക്കുറിച്ചോ പ്രയത്‌നിച്ചവരെക്കുറിച്ചോ കഷ്ടപ്പെട്ടവരെക്കുറിച്ചോ അറിയാതെ പോകുന്നത് വളരെ ദുഃഖകരമായ കാര്യമാണ്. മേയര്‍ പദവിയില്‍ ടേം വ്യവസ്ഥയെ അംഗീകരിക്കുന്നില്ല. അഞ്ചുവർഷവും ഒരാൾ തന്നെ ഭരിക്കണം. മേയറായി അഡ്വ.സുബി ബാബു വരട്ടെ. ഇനി മേയറാകാനോ സ്റ്റാൻഡിങ് കമ്മിറ്റിയാകാനോ മറ്റേതെങ്കിലും പദവിയിലേക്കോ ഇനി ഞാനില്ല. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കില്ല. എന്നെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച ജനങ്ങള്‍ക്ക് വേണ്ടി നിലനില്‍ക്കും.” – ലാലി പറഞ്ഞു.
