തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കവർച്ചാക്കേസില്‍ മുൻ ദേവസ്വം മന്ത്രിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. സ്വർണ്ണക്കവർച്ച നടന്ന സമയത്ത് ദേവസ്വത്തിന്റെ മന്ത്രിയായിരുന്നത് കടകംപള്ളി സുരേന്ദ്രനായിരുന്നു. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെയും എസ്ഐടി ചോദ്യം ചെയ്തെതായാണു വിവരം.
കഴിഞ്ഞ ദിവസം അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് അംഗം എൻ വിജയകുമാറിന്റെ മൊഴി, നേരത്തെ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് കൂടുതല്‍ കുരുക്കായി. താന്‍ നിരപരാധിയാണെന്നും എല്ലാം സഖാവ് പറഞ്ഞിട്ടാണ് ചെയ്തതെന്നുമാണ് വിജയകുമാര്‍ എസ്‌ഐടിയോട് പറഞ്ഞത്. സ്വര്‍ണ്ണപ്പാളി മാറ്റുന്ന കാര്യമടക്കം ബോര്‍ഡില്‍ അവതരിപ്പിച്ചത് പത്മകുമാറാണ്. പ്രധാന തീരുമാനങ്ങളെല്ലാം പ്രസിഡന്റ് പറയുന്നതായിരുന്നു രീതി. അതുകൊണ്ട് വായിച്ചുപോലും നോക്കാതെ ഒപ്പിട്ടുവെന്നും പ്രശ്‌നമുണ്ടാകുമെന്ന് അറിഞ്ഞില്ലെന്നും വിജയകുമാര്‍ പറഞ്ഞു. സമ്മര്‍ദം സഹിക്കാന്‍ വയ്യാതെ ആത്മഹത്യ ചെയ്യാന്‍ വരെ തോന്നിയെന്നും മൊഴിയില്‍ പറയുന്നു. ബന്ധുക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് കീഴടങ്ങാന്‍ തീരുമാനിച്ചത്. എല്ലാം പത്മകുമാര്‍ പറഞ്ഞിട്ടാണ്. പത്മകുമാറിനെ വിശ്വസിച്ചാണ് രേഖകളില്‍ ഒപ്പിട്ടത്. മറ്റു കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നില്ലെന്നും വിജയകുമാര്‍ പറഞ്ഞു.
