തിരുവനന്തപുരം : ഡോക്‌ടറും മെഡിക്കൽ വിദ്യാർത്ഥിനിയും ഉൾപ്പെടെ ഏഴു പേർ MDMAയും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ. തിരുവനന്തപുരം കണിയാപുരത്തെ വാടകവീട്ടിൽ നിന്നും പിടിയിലാകുമ്പോൾ ഇവരിൽ നിന്നും നാല് ഗ്രാം MDMAയും ഒരു ഗ്രാം കഞ്ചാവും 100 ഗ്രാം സാധാരണ കഞ്ചാവും കണ്ടെടുത്തു. ആറ്റിങ്ങൽ, നെടുമങ്ങാട് റൂറൽ ഡാൻസാഫ് സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ കഠിനംകുളം പോലീസിന് കൈമാറി.
കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്‌നേഷ് ദത്തൻ (34) ബിഡിഎസ് വിദ്യാർഥിനിയായ കൊട്ടാരക്കര സ്വദേശിനി ഹലീന (27) നെടുമങ്ങാട് മണ്ണൂർക്കോണം സ്വദേശി അസിം (29) കൊല്ലം ആയൂർ സ്വദേശി അവിനാഷ് (29) തൊളിക്കോട് സ്വദേശി അജിത്ത് (30) പാലോട് സ്വദേശിനി അൻസിയ (37) കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29) എന്നിവരാണ് പിടിയിലായവർ.
കഴിഞ്ഞ ദിവസം രാത്രി ഇവരെ പിടികൂടാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും പോലീസ് ജീപ്പിൽ കാറിടിപ്പിച്ച് രക്ഷപെടുകയായിരുന്നു. പിന്നീട് ഇവർ വാടകവീട്ടിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ഡാൻസാഫ് സംഘം പിടികൂടുകയായിരുന്നു.
