ബാർമർ : അഭിഭാഷകനിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ യുവതിയേയും സുഹൃത്തിനേയും പിടികൂടി പോലീസ്. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് സംഭവം. അശ്ലീല വീഡിയോ പകർത്തി 40 ലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്തതായും വ്യാജ ബലാത്സംഗ കേസിൽ കുടുക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായുമാണ് പരാതി. തുടർന്ന് ശനിയാഴ്ചയാണ് പ്രതിയായ സ്ത്രീയെയും കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ പ്രതിയായ പ്രിയങ്ക തന്നെ ഒരു കെണിയിൽ വീഴ്ത്തി അശ്ലീല വീഡിയോ റെക്കോർഡ് ചെയ്‌തെന്നും പിന്നീട് ഇത് ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ ചെയ്‌തെന്നും അഭിഭാഷകൻ പരാതിയിൽ ആരോപിച്ചു. 40 ലക്ഷം രൂപ നൽകിയില്ലെങ്കിൽ വീഡിയോ വൈറലാക്കുമെന്നും ബലാത്സംഗ കേസിൽ വ്യാജമായി കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായുമാണ് പരാതിയിൽ പറയുന്നത്.
ബാർമർ നിവാസിയായ കമൽ സിങ്ങിന് പണം കൈമാറാൻ പ്രിയങ്ക തന്നോട് ആവശ്യപ്പെട്ടതായാണ് പരാതിക്കാരനായ അഭിഭാഷകൻ്റെ ആരോപണം. ഭയം കാരണം അഭിഭാഷകൻ പ്രതിക്ക് 50,000 രൂപ നൽകിയിട്ടുണ്ടെന്ന് പറഞ്ഞു. പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പ്രിയങ്ക പശ്ചിമ ബംഗാൾ സ്വദേശിയാണെന്നും നിലവിൽ ഡൽഹിയിലാണ് താമസിക്കുന്നതെന്നും പോലീസ് പറഞ്ഞു. പ്രിയങ്കയും കമൽ സിങ്ങും അഭിഭാഷകനെ വ്യാജ കുറ്റങ്ങൾ ചുമത്തി ഭീഷണിപ്പെടുത്തുകയും 40 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പ്രതികളിൽ നിന്ന് 50,000 രൂപ പിടിച്ചെടുത്തു. ആവശ്യപ്പെട്ട കൃത്യമായ തുകയും ഇരയിൽ നിന്ന് തട്ടിയെടുത്ത ആകെ പണവും കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം തുടരുന്നതിനാൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടു.
