തിരുവല്ല : രാഹുൽ മാങ്കൂട്ടത്തിൽ സ്ഥിരം കുറ്റവാളിയെന്നും ഒട്ടേറെ വീട്ടമ്മമാരേയും അവിവാഹിതകളെയും രാഹുൽ പീഡിപ്പിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്നും റിമാൻഡ് റിപ്പോർട്ട്. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഡിവൈഎസ്‌പി എൻ. മുരളീധരൻ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ.
എംഎൽഎയും ഉന്നത രാഷ്ട്രീയബന്ധമുള്ള ആളുമായ പ്രതി അതിജീവിതയെ ഭീഷണിപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാദ്ധ്യതയുണ്ടെന്നും റിമാൻഡ് റിപ്പോർട്ട് പറയുന്നു. എഫ്ഐആർ രജിസ്റ്റർചെയ്തശേഷവും രാഹുൽ അതിജീവിതമാരെ ഭീഷണിപ്പെടുത്തി കേസിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഈ കേസിലും അത് ആവർത്തിക്കാനിടയുണ്ട്.
അതിജീവിതമാരെ സൈബറിടത്തിലും അവരുടെ വ്യക്തിവിവരം വെളിപ്പെടുത്തിയും അധിക്ഷേപം നടത്തിയിട്ടുണ്ട്. പ്രതിക്ക് ജാമ്യമനുവദിച്ചാൽ അതിജീവിതമാരുടെ ജീവിതം അപകടത്തിലാകാനും സാദ്ധ്യത ഏറെയാണെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.
രാഹുലിന്റെ ഫോണുകൾ പിടിച്ചെടുത്തെങ്കിലും സ്‌ക്രീൻ പാറ്റേണും ലോക്കും പറഞ്ഞുകൊടുത്തിട്ടില്ലെന്ന് പോലീസ് പറയുന്നു. ഒന്നിലേറെ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇവ കണ്ടെടുക്കാൻ സഹകരിക്കുന്നില്ലെന്ന കാര്യവും റിമാൻഡ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
