ന്യൂഡൽഹി: ഒമ്പത് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. പശ്ചിമ ബംഗാൾ, അസം, മഹാരാഷ്ട്ര, ഡൽഹി, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളെ തമ്മിൽ ബന്ധപ്പെടുത്തിയാണ് പുതിയ അമൃത് ഭാരത് റൂട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, കേരളത്തിന് അമൃത് നൽകിയില്ല. അതേസമയം, തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളിന് വലിയ പരിഗണ ലഭിച്ചു.
ബംഗാളിൽ നിന്ന് ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്കാണ് ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഗുവാഹാത്തി – റോഹ്താക്, ദിബ്രുഗഡ് – ലഖ്‌നൗ, ന്യൂ ജൽപായ്ഗുരി – തിരുച്ചിറപ്പള്ളി, ന്യൂ ജൽപായ്ഗുരി – നാഗർകോവിൽ, ആലിപുർദ്വാർ – എസ്എംവിടി ബെംഗളൂരു, ആലിപുർദ്വാർ – മുംബൈ, കൊൽക്കത്ത – താംബരം, കൊൽക്കത്ത – ആനന്ദ് വിഹാർ ടെർമിനൽ, കൊൽക്കത്ത- ബനാറസ് എന്നീ റൂട്ടുകളാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്.
ദീർഘദൂര റൂട്ടുകളിൽ കുറഞ്ഞ ടിക്കറ്റ് നിരക്കിൽ സർവ്വീസ് നടത്തുന്ന നോൺ എസി ട്രെയിനുകളാണ് അമൃത് ഭാരത് എക്‌സ്പ്രസ്. 800 കിലോമീറ്ററിൽ (500 മൈൽ) കൂടുതൽ അകലെയുള്ളതോ നിലവിലുള്ള സർവ്വീസുകൾ ഉപയോഗിച്ച് സഞ്ചരിക്കാൻ പത്ത് മണിക്കൂറിൽ കൂടുതൽ എടുക്കുന്നതോ ആയ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിനുകളാണ് അമൃത് ഭാരത് എക്‌സ്പ്രസ്
