[Photo Courtesy : X]
കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റിൽ പൊതു വധശിക്ഷ നടന്നതായി റിപ്പോർട്ട്. ഒരു കുടുംബത്തിലെ ഒമ്പത് കുട്ടികൾ ഉൾപ്പെടെ 13 പേരെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയെ ഖോസ്റ്റിലെ സ്റ്റേഡിയത്തിൽ വെച്ച് വധശിക്ഷയ്ക്ക് വിധേയനാക്കിയതായി പ്രമുഖ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പതിനായിരക്കണക്കിന് പേരെ സാക്ഷികളാക്കി വധശിക്ഷ നടപ്പാക്കിയത്, കൊല്ലപ്പെട്ടവർ ഉൾപ്പെട്ട കുടുംബത്തിലെ 13 വയസ്സുകാരനാണെന്നതും ശ്രദ്ധേയം!
ചൊവ്വാഴ്ച നടന്ന സംഭവത്തിൻ്റെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ, പതിനായിരക്കണക്കിന് ആളുകൾ സ്റ്റേഡിയത്തിനകത്തും പുറത്തുമായി തടിച്ചുകൂടിയതായി കാണാം. അഞ്ച് വെടിയൊച്ചകൾ മുഴങ്ങിയപ്പോൾ ആളുകൾ മതപരമായ മുദ്രാവാക്യങ്ങൾ മുഴക്കി.
താലിബാൻ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞ പ്രതി മംഗൽ എന്ന ആളെ അഫ്ഗാനിസ്ഥാൻസുപ്രീം കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ വധശിക്ഷയ്ക്ക് അംഗീകാരം നൽകുകയായിരുന്നു. ഈ പൊതു വധശിക്ഷയ്ക്ക് എതിരെ അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനം ഉയർന്നിട്ടുണ്ട്. യു.എന്നിൻ്റെ അഫ്ഗാനിസ്ഥാനിലെ പ്രത്യേക റിപ്പോർട്ടർ റിച്ചാർഡ് ബെന്നറ്റ് ഈ നടപടിയെ അമാനുഷികവും ക്രൂരവും അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധവുമാണെന്ന് വിശേഷിപ്പിച്ചു.
2021-ൽ താലിബാൻ വീണ്ടും അധികാരത്തിൽ വന്നതിനു ശേഷം നടക്കുന്ന പതിനൊന്നാമത്തെ വധശിക്ഷയാണിതെന്ന് അഫ്ഗാനിസ്ഥാൻ സുപ്രീം കോടതി അറിയിച്ചു. “ഖോസ്റ്റ് പ്രവിശ്യയിൽ, ഒരു കൊലപാതകിയുടെ മേൽ ഖിസാസ് (പ്രതികാരത്തിനുള്ള ദൈവിക കൽപ്പന) നടപ്പാക്കി.” അഫ്ഗാൻ സുപ്രീം കോടതി വ്യക്തമാക്കി.
