[Photo Courtesy : X]
കാബൂൾ: അഫ്ഗാൻ പ്രവിശ്യയിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണം ഇരുരാജ്യങ്ങൾക്കുമിടയിൽ സംഘർഷസാദ്ധ്യത സൃഷ്ടിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച പുലർച്ചെ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ഒൻപത് കുട്ടികളടക്കം 10 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അഫ്ഗാൻ സർക്കാരിന്റെ മുഖ്യ വക്താവ് സബീഹുള്ള മുജാഹിദ് പ്രതികരിച്ചു. സ്വയം പ്രതിരോധിക്കാൻ അഫ്ഗാനിസ്ഥാന് നിയമപരമായ അവകാശമുണ്ടെന്നും ഉചിതമായ സമയത്ത് ആവശ്യമായ മറുപടി നൽകുമെന്നും സബീഹുള്ള പറഞ്ഞു.
പാക്കിസ്ഥാൻ നടത്തിയത് കുറ്റകൃത്യമാണെന്ന് സബീഹുള്ള മുജാഹിദ് എക്സിൽ പറഞ്ഞു. പക്തിക, ഖോസ്റ്റ്, കുനാർ പ്രവിശ്യകളിൽ ഇന്നലെ രാത്രി പാക്കിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണങ്ങൾ അഫ്ഗാനിസ്ഥാന്റെ വ്യോമാതിർത്തിയുടെ നഗ്നമായ ലംഘനവും ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും അംഗീകരിച്ച എല്ലാ നിയമങ്ങളുടെയും അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും വ്യക്തമായ ലംഘനവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കൊല്ലപ്പെട്ടവരിൽ അഞ്ച് ആൺകുട്ടികളും നാല് പെൺകുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടുന്നു.
നേരത്തെ, ഖോസ്റ്റ് പ്രവിശ്യയിലെ വീടിനുനേരെ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ഒൻപത് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടതായും പക്തിക, കുനാർ പ്രവിശ്യയിലും ആക്രമണം ഉണ്ടായെന്നും നാലുപേർക്ക് പരിക്കേറ്റുവെന്നും സബീഹുള്ള മുജാഹിദ് അറിയിച്ചിരുന്നു. അതേസമയം, അഫ്ഗാനിസ്ഥാൻ്റെ ആരോപണത്തിൽ പാക്കിസ്ഥാൻ പ്രതികരിച്ചിട്ടില്ല.
ഒക്ടോബറിൽ ഖത്തറിൻ്റെയും തുർക്കിയുടെയും മദ്ധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ വെടിനിർത്തൽ നിലവിൽ വന്നതാണ്. വെടിനിർത്തൽ തുടരുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങളെന്നതും ശ്രദ്ധേയം.
തിങ്കളാഴ്ച പാക്കിസ്ഥാൻ്റെ വടക്കുപടിഞ്ഞാറൻ നഗരമായ പേഷാവറിൽ പാക് അർദ്ധസൈനിക വിഭാഗത്തിൻ്റെ ആസ്ഥാനത്ത് രണ്ട് ചാവേറുകളും ഒരു ആയുധധാരയിയും ആക്രമണം നടത്തിയിരുന്നു. സംഭവത്തിൽ മൂന്നു ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന താലിബാനുമായി ബന്ധമുള്ള പാക്കിസ്ഥാൻ താലിബാൻ ആണ് ആക്രമണം നടത്തിയതെന്നാണ് സംശയിക്കുന്നത്.
പാക്കിസ്ഥാനിൽ ഭീകരാക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിൽ അഫ്ഗാനിസ്ഥാനിലെ പാക്കിസ്ഥാൻ നയതന്ത്രജ്ഞൻ അഫ്ഗാനിലെ മുതിർന്ന പ്രവിശ്യാ നേതാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പേഷാവറിലെ ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് കൂടിക്കാഴ്ച നടന്നത്.
