ന്യൂഡൽഹി : രാജ്യത്തെ ചലച്ചിത്ര രംഗത്തെ ഏറ്റവും പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് ഏറ്റുവാങ്ങി മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍. ഈ അഭിമാന നിമിഷം തന്റേത് മാത്രമല്ലെന്നും മലയാള സിനിമ കുടുംബത്തിന്റേതാകെയാണെന്നും പുരസ്‌കാരം മലയാള സിനിമയ്ക്കാകെ സമര്‍പ്പിക്കുന്നുവെന്നും എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമയെന്നും ഹൃദയത്തോട് കൈ ചേർത്ത് വെച്ച് അഭിനയപ്രതിഭ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോൾ ഉയർന്ന കരഘോഷം മലയാളിയുടെ ഉയർന്ന സിനിമാബോധത്തിനുള്ള അംഗീകാരം കൂടിയായിരുന്നു
ലാലിൻ്റെ തുടർന്നുള്ള വാക്കുകളിലും അത് പ്രകടമായിരുന്നു – “മലയാള സിനിമയുടെ പാരമ്പര്യത്തിനും ക്രിയാത്മകതയ്ക്കും ലഭിക്കുന്ന ബഹുമതിയാണിത്. ഇതൊരു നിമിത്തമാണ്. അവാര്‍ഡിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ എന്റെ ഹൃദയം നിറഞ്ഞത് അഭിമാനം കൊണ്ടല്ല. ഞങ്ങളുടെ സിനിമാ പാരമ്പര്യത്തിന്റെ ശബ്ദമാകാന്‍ തിരഞ്ഞെടുക്കപ്പെട്ട സവിശേഷമായ ഭാഗ്യമോര്‍ത്താണ് മനസ് നിറഞ്ഞത്. എന്റെ വിദൂര സ്വപ്‌നത്തില്‍പ്പോലും ഇത്തരമൊരു നേട്ടത്തെക്കുറിച്ച് ചിന്തിക്കാന്‍ ധൈര്യപ്പെട്ടിട്ടില്ല. ഇത് മാന്ത്രികമാണ്. വിശുദ്ധമാണ്. മോഹന്‍ലാല്‍ വിനയാന്വിതനായി പറഞ്ഞുവെച്ചു.
അവാര്‍ഡ് തന്റെ ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കുന്നുവെന്ന് പറഞ്ഞ ലാൽ പുരസ്ക്കാരം മലയാള സിനിമയിൽ മുൻപെ കടന്നുപോയവരും അല്ലാത്തവരുമായ പ്രഗത്ഭമതികളുടെ അനുഗ്രഹമായി കാണുന്നുവെന്നും കലയെ ഉള്‍ക്കാള്‍ച്ചയോടെയും സ്‌നേഹത്തോടെയും സ്വീകരിച്ച ബുദ്ധിയുള്ള മലയാള പ്രേക്ഷകര്‍ക്ക് കൂടി അവാര്‍ഡ് സമര്‍പ്പിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.
ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മോഹൻലാൽ. കേരളത്തില്‍ നിന്ന് ഈ പുരസ്‌കാരത്തിന് അര്‍ഹനായുന്ന രണ്ടാമത്തെ വ്യക്തിയും. പ്രശസ്ത സംവിധാകൻ അടൂർ ഗോപാലകൃഷ്ണനാണ് ഇതിന് മുൻപ് ഈ പുരസ്ക്കാരത്തിന് അർഹനായത്.