പട്ന : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി ബിജെപി. ആദ്യ പട്ടികയിൽ 71 സ്ഥാനാർത്ഥികളാണുള്ളത്. സംസ്ഥാനത്തെ ഭരണകക്ഷിയായ നാഷണൽ ഡെമോക്രാറ്റിക് അലയൻസിന്റെ (എൻഡിഎ) സീറ്റ് വിഭജന കരാറിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ബിജെപിയുടെ ഈ നീക്കം.
ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരിയും വിജയ് സിൻഹയും ആദ്യ പട്ടികയിൽ ഇടം നേടി. ചൗധരി താരാപൂരിൽ നിന്നും സിൻഹ ലഖിസാരായിയിൽ നിന്നും മത്സരിക്കും. മുതിർന്ന നേതാവ് രാം കൃപാൽ യാദവ് ദനാപൂരിൽ നിന്ന് മത്സരിക്കും, ഗയയിൽ നിന്ന് പ്രേം കുമാർ, കതിഹാറിൽ നിന്ന് മുൻ ഉപമുഖ്യമന്ത്രി തർകിഷോർ പ്രസാദ്, സഹർസയിൽ നിന്ന് അലോക് രഞ്ജൻ ഝാ, സിവാനിൽ നിന്ന് മംഗൾ പാണ്ഡെ എന്നിവരും ആദ്യ പട്ടികയിൽ ഇടം നേടി.
ബിജെപി പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, എൻഡിഎ പാർട്ടികൾക്കിടയിലെ സീറ്റ് വിഭജനത്തിലെ അനിശ്ചിതത്വം സൗഹാർദ്ദപരമായ ചർച്ചകളിലൂടെ പരിഹരിച്ചു എന്നും ഏത് പാർട്ടി ഏത് സീറ്റിൽ മത്സരിക്കുമെന്നതിനെക്കുറിച്ചുള്ള ചർച്ചയും അന്തിമ ഘട്ടത്തിലാണെന്നും ചൗധരി സോഷ്യൽ മീഡിയയിൽ പ്രഖ്യാപിച്ചിരുന്നു.
243 അംഗ ബീഹാർ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 6 നും 11 നും രണ്ട് ഘട്ടങ്ങളായി നടക്കും. നവംബർ 14 നാണ് വോട്ടെണ്ണൽ പ്രഖ്യാപിച്ചിട്ടുള്ളത്.
