(Photo Courtesy : ANI/X)
പട്ന :ബിഹാർ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കവെ ആദ്യഘട്ടത്തിൽ എൻഡിഎക്ക് മുൻതൂക്കം. പോസ്റ്റൽ ബാലറ്റുകളിൽ ജൻസുരാജ് പാർട്ടിക്ക് ഉണ്ടാക്കാൻ കഴിഞ്ഞ മുൻതൂക്കം ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ എണ്ണിത്തുടങ്ങിയപ്പോൾ നിലനിർത്താനായില്ല. വോട്ടെണ്ണലിൻ്റെ ആദ്യ ഒരു മണിക്കൂറിനുള്ളിൽ തന്നെ ലീഡ് നേടി എൻഡിഎ മുന്നേറുന്നതാണ് കാണുന്നത്. നിലവിൽ എൻഡിഎ 100 സീറ്റിലും ഇന്ത്യ സഖ്യം 76 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
വളരെ ആത്മവിശ്വാസത്തോടെയാണ് ഇരുമുന്നണികളുടേയും പ്രതികരണം. സദ്ഭരണം കാഴ്ചവച്ച സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നാണ് ജെഡിയുവിൻ്റെ ട്വീറ്റ്. മഹാസഖ്യത്തെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്നും ജനാധിപത്യത്തെ തേജസ്വിയും രാഹുലും ഇനി വെല്ലുവിളിക്കില്ലെന്നും ബിജെപി നേതാക്കൾ പ്രതികരിച്ചു. പ്രതിപക്ഷസ്ഥാനത്ത് തുടരുന്നതിനായി ആശംസകൾ നേരുന്നുവെന്നും 12 മണിയോടെ ബിജെപിയുടെ ഡൽഹി പാറ്റ്ന ആസ്ഥാനങ്ങൾ ആഘോഷത്തിമിർപ്പിലാകുമെന്നും നേതാക്കൾ പറയുന്നു. എന്നാൽ മഹാസഖ്യത്തിൽ ജനങ്ങൾ വിശ്വാസമർപ്പിച്ചുവെന്നാണ് പപ്പു യാദവിൻ്റെ പ്രതികരണം. എൻഡിഎയ്ക്കെതിരെ ശക്തമായ ജനവികാരമുണ്ടെന്നും എംപി പ്രതികരിച്ചു.
അതേസമയം, ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ആഹ്ലാദപ്രകടനങ്ങൾ പാടില്ലെന്ന് വ്യക്തമാക്കി ജില്ലാ ഭരണകൂടം രംഗത്തെത്തി. നിരത്തുകൾ കൈയേറിയുള്ള എല്ലാ ആഘോഷങ്ങൾക്കും ഇന്നത്തേക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. ഈ മാസം 16 വരെ പാറ്റ്ന നഗരത്തിൽ നിരോധനജ്ഞ തുടരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു
