(Photo Courtesy : The Daily Jagran / X)
ഡൽഹി – കൊൽക്കത്ത ദേശീയപാത 19-ൽ തുടർച്ചയായ മൂന്നാം ദിവസവും വൻ ഗതാഗതക്കുരുക്ക്. ആയിരക്കണക്കിന് യാത്രക്കാരും ട്രക്ക് ഡ്രൈവർമാരുമാണ് യാത്ര മുടങ്ങി ഭക്ഷണവും വെള്ളവും ലഭിക്കാതെ കുടുങ്ങിക്കിടക്കുന്നത്. ബീഹാറിലെ സസാറാം, റോഹ്താസ് എന്നിവിടങ്ങളിൽ 15 മുതൽ 20 കിലോമീറ്റർ വരെ നീളുന്നതാണ് ഗതാഗതക്കുരുക്ക്. 5 കിലോമീറ്റർ യാത്ര ചെയ്യാൻ 24 മണിക്കൂർ വേണ്ടിവരുന്നു എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല!

കൊൽക്കത്തയെയും ഡൽഹിയെയും ബന്ധിപ്പിക്കുന്ന ഈ ഹൈവേ, വ്യാപാര ഗതാഗതത്തിനുള്ള പ്രധാന പാതയാണ്. അതുകൊണ്ട് തന്നെ പല അത്യാവശ്യകാര്യങ്ങൾക്കും പോകുന്ന സാധാരണ യാത്രക്കാർക്ക് പുറമെ ചരക്കുകളുമായി പോകുന്ന നിരവധി ട്രക്കുകളാണ് മൂന്ന് ദിവസമായി ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ഇത്രയും പ്രാധാന്യമുള്ള റോഡായിട്ടും ദിവസവും അതിരൂക്ഷമായി കൊണ്ടിരിക്കുന്ന ഹൈവേയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രാദേശിക അധികാരികളുടെ ഭാഗത്ത് നിന്നും ഫലപ്രദമായ ഒരു ഇടപെടലും ഇതുവരെ ഉണ്ടായിട്ടില്ലെന്നത് അതിശയം.
“കഴിഞ്ഞ ദിവസം രാവിലെ ഏകദേശം 8 മണി മുതൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്. കഷ്ടിച്ച് 5 കിലോമീറ്റർ മാത്രമാണ് സഞ്ചരിക്കാനായത്. പിന്നെ സസാറാമിൽ തന്നെ കുടുങ്ങിക്കിടക്കുകയാണ്. ഭക്ഷണമില്ല, റോഡരികിൽ ലഭ്യമായ ചെറിയ ലഘുഭക്ഷണങ്ങൾ കൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്.” ഒഡീഷയിൽ നിന്ന് ഡൽഹിയിലേക്ക് പോകാനിറങ്ങിയ ട്രക്ക് ഡ്രൈവർ ദുബാൻ കുമാറിൻ്റെ വാക്കുകൾ. ഇദ്ദേഹത്തെ പോലെ ഇങ്ങനെ ഒത്തിരി ട്രക്ക് ഡ്രൈവർമാരാണ് ഒന്നും രണ്ടും ദിവസമായി അധികാരികൾ കനിയുന്നതും കാത്ത് ഹൈവേയിൽ വണ്ടിയുമായി കാത്ത് നിൽക്കുന്നത്.
കൊൽക്കത്തയിൽ നിന്ന് 24 മണിക്കൂർ മുമ്പ് യാത്ര ആരംഭിച്ച് 20 കിലോമീറ്റർ മാത്രം സഞ്ചരിച്ചയാളാണ് മറ്റൊരു ട്രക്ക് ഡ്രൈവറായ സഞ്ജയ് ദാസ്. പ്രശ്നപരിഹാരത്തിനായി ഇതുവരെ ഒരു അധികാരിയും ഈ വഴി വന്നിട്ടില്ലെന്ന് രോഷത്തോടെയും വിഷമത്തോടെയുമാണ് ഇവർ പറയുന്നത്.
ശിവസാഗറിന് സമീപം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്‌എഐ) നടത്തുന്ന റോഡ് വീതി കൂട്ടൽ ജോലികളാണ് തടസ്സത്തിന് കാരണമായി പറയുന്നത്. മൂന്ന് ദിവസം മുമ്പ് മേഖലയിൽ പെയ്ത മഴ പ നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്തതോടെ സ്ഥിതി വഷളായി. വേണ്ടത്ര സജ്ജീകരണങ്ങളില്ലാത്ത വീഥിയിൽ വാഹനങ്ങൾ വഴിതിരിഞ്ഞ് സഞ്ചരിക്കാൻ നിർബന്ധിതമായയോടെ ഗതാഗതം വീണ്ടും കുരുക്കിലേക്കാണ് ചെന്നെത്തിയത്.
ഔറംഗാബാദ് മുതൽ വാരണാസി വരെ ഒരു വശത്ത് മാത്രമാണ് ഈ ഗതാഗതക്കുരുക്ക്. നൂറുകണക്കിന് ട്രക്കുകളും യാത്രാ വാഹനങ്ങളുമാണ് ഇപ്പോഴും വരിവരിയായി യാത്ര കാത്ത് നിൽക്കുന്നത്.
ഉത്തർപ്രദേശിലെ ആഗ്രയിൽ നിന്ന് പശ്ചിമ ബംഗാളിലെ ഡാൻകുനി വരെ നീളുന്ന ദേശീയപാത – 19, ബീഹാർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ കൂടി താണ്ടിയാണ് പശ്ചിമ ബംഗാളിൽ എത്തുന്നത്.
ഏഷ്യയിലെ ഏറ്റവും പഴക്കമേറിയതും നീളമേറിയതുമായ വ്യാപാര പാതകളിൽ ഒന്നായ ചരിത്രപ്രസിദ്ധമായ ഗ്രാൻഡ് ട്രങ്ക് റോഡിന്റെ ഒരു പ്രധാന ഭാഗമാണ് ഈ ഹൈവേ. അന്താരാഷ്ട്ര ഏഷ്യൻ ഹൈവേ നെറ്റ്‌വർക്കിന്റെയും (AH1) ഗോൾഡൻ ക്വാഡ്രിലാറ്ററലിന്റെയും ഭാഗമാണിത്, ആഭ്യന്തര, അതിർത്തി കടന്നുള്ള വാണിജ്യത്തിനും യാത്രയ്ക്കും ഒരു നിർണ്ണായക പാതകൂടിയാണ് ഇതെന്നത് ഈ പശ്ചാത്തലിൽ ഓർക്കണം.
