ചെന്നൈ : തമിഴ്‌നാട്ടിലെ ബിജെപിയുടെ വൈസ് പ്രസിഡന്റുമാരിൽ ഒരാളായി നടിയും രാഷ്ട്രീയക്കാരിയുമായ ഖുഷ്ബു സുന്ദറിനെ നിയമിച്ചു. ശശികല പുഷ്പ, എം ചക്രവർത്തി, വി പി ദുരൈസാമി, കരു നാഗരാജൻ, പി കനഗസബപതി, ആർ സി പോൾ കനകരാജ് എന്നിവരുൾപ്പെടെ 14 സംസ്ഥാന വൈസ് പ്രസിഡൻ്റുമാരെയാണ് പാർട്ടി പ്രഖ്യാപിച്ചത്. കേശവ വിനായകനെ ബിജെപി തമിഴ്‌നാട് ജനറൽ സെക്രട്ടറിയായി (ഓർഗനൈസേഷൻ) നിയമിച്ചു. വൈസ് പ്രസിഡൻ്റ് നാരായണൻ തിരുപ്പത്തിയെ വക്താവായി നിയമിച്ചു
നിയമനത്തിൽ താൻ വളരെയധികം സന്തോഷവതിയാണെന്ന് പറഞ്ഞ ഖുഷ്ബു , തന്നിൽ വിശ്വാസമർപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്, തമിഴ്നാട് ബിജെപി പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ എന്നിവർക്ക് നന്ദി പ്രകടിപ്പിച്ചു. “ബിജെപി പോലുള്ള ഒരു പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റാകാൻ ഞാൻ യോഗ്യനാണെന്ന് കരുതിയതിന് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രി ബി എൽ സന്തോഷ്ജിക്കും തീർച്ചയായും എന്റെ സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രനും എന്റെ ഹൃദയംഗമമായ നന്ദി,” അവർ പറഞ്ഞു.
ഖുഷ്ബു മുമ്പ് ദേശീയ വനിതാ കമ്മീഷൻ അംഗമായി സേവനമനുഷ്ഠിച്ചിരുന്നുവെങ്കിലും പിന്നീട് രാജിവെച്ചു. 2021 ൽ തൗസൻഡ് ലൈറ്റ്സ് നിയോജകമണ്ഡലത്തിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.