ചെന്നൈ : ഒരു നൂറ്റാണ്ടിലേറെയായി ഈസ്റ്റർ ആഘോഷങ്ങൾ നടത്താൻ മാത്രം ഉപയോഗിച്ച പൊതുമൈതാനത്ത് ഹിന്ദുക്കളുടെ ഉത്സവത്തിനും അനുമതി നൽകി മദ്രാസ് ഹൈക്കോടതി. സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമൈതാനങ്ങൾ എല്ലാ മതക്കാർക്കും ഒരുപോലെ ഉപയോഗിക്കാൻ അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ദിണ്ടിക്കൽ ജില്ലയിലെ ഗ്രാമനാഥം മൈതാനത്ത് അന്നദാനച്ചടങ്ങ് നടത്താനാണ് അനുമതി നൽകിയത്.
ക്രമസമാധാനപ്രശ്നങ്ങളില്ലാതെ ചടങ്ങുകൾ പൂർത്തിയാക്കാൻ പോലീസിനു നിർദ്ദേശം നൽകി. ഹിന്ദുക്കൾക്ക് ചടങ്ങുകൾ നടത്താൻ തഹസിൽദാർ അനുമതി നിഷേധിച്ചതിനെതിരേ രാജാമണി എന്നയാളാണ് കോടതിയെ സമീപിച്ചത്. “പൊതുമൈതാനം ഒന്നുകിൽ എല്ലാവർക്കും നൽകണം. അല്ലെങ്കിൽ ആർക്കും നൽകരുത്. മതപരമായ കാരണങ്ങളാൽ ഒരു വിഭാഗത്തെ ഒഴിവാക്കുന്നത് ഭരണഘടനാലംഘനമാണ്”- ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ ബെഞ്ച് നിരീക്ഷിച്ചു.
മൈതാനം 100 വർഷത്തിലേറെയായി ഈസ്റ്റർ ആഘോഷത്തിന് നാടകങ്ങൾക്കും സംഗമത്തിനും വേണ്ടിയാണ് ഉപയോഗിച്ചത്. അതിനാൽ വിട്ടുകൊടുക്കാനാവില്ലെന്നും മറ്റു ജാതിക്കാർ ചടങ്ങുകൾ നടത്തിയാൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്നുമായിരുന്നു ക്രൈസ്തവ സമൂഹത്തിൻ്റെ വാദം. എന്നാൽ, കോടതി ഈ നിലപാടിനോടു വിയോജിച്ചു. മൗലികാവകാശങ്ങൾ അടിച്ചമർത്താൻ എളുപ്പവഴി എന്ന നിലയിൽ ഇത്തരം കാര്യങ്ങളെ കാണരുത്. ആഘോഷങ്ങൾ ഏതു മതക്കാരുടേതായാലും അതിനെ ബഹുമാനിക്കണം. അത്തരം ഇടപെടലുകൾ മതങ്ങൾ തമ്മിലുള്ള ഐക്യം ഉറപ്പാക്കും. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ സമൂഹത്തിൽ സമാധാനം ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി
