(Photo Courtesy: South China Morning Post/X)
ബീജിങ്: ചൈനയിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ശനിയാഴ്ച രാവിലെ 5.49ന് വടക്കുപടിഞ്ഞാറൻ ചൈനയിലെ ഗാൻസു പ്രവിശ്യയിലെ ഡിങ്‌സിയിലെ ലോങ്‌സി കൗണ്ടിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിൽ ഏഴ് പേർക്ക് പരിക്കേൽക്കുകയും 110 ലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം 34.91 ഡിഗ്രി വടക്കൻ അക്ഷാംശത്തിലും 104.58 ഡിഗ്രി കിഴക്കൻ രേഖാംശത്തിലുമാണ് സ്ഥിതി ചെയ്തിരുന്നത്. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് ചൈന ഭൂകമ്പ നെറ്റ്‌വർക്ക് സെന്റർ (സിഇഎൻസി) റിപ്പോർട്ട് ചെയ്തു.
ചൈനയിലെ ഗാൻസു മേഖലയിൽ ശനിയാഴ്ച 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി യൂറോപ്യൻ മെഡിറ്ററേനിയൻ ഭൂകമ്പ ശാസ്ത്ര കേന്ദ്രവും സ്ഥിരീകരിച്ചു. 35 കിലോമീറ്റർ (21.75 മൈൽ) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് ഇഎംഎസ്സി അറിയിച്ചു.
ശക്തമായ ഭൂചലനത്തെത്തുടർന്ന് ചൈന ലെവൽ -3 അടിയന്തര പ്രതികരണം ആരംഭിച്ചു. ഗാൻസു പ്രാദേശിക ഭരണകൂടം ഭൂചലനം അനുഭവപ്പെട്ട ഭാഗത്തേക്ക് സംഘത്തെ അയച്ചതായി വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. സംയുക്ത കൂടിയാലോചനകൾ നടത്തുന്നതിനും ഭൂകമ്പ നിരീക്ഷണം മെച്ചപ്പെടുത്തുന്നതിനും ഭൂകമ്പാനന്തര പ്രവണത വിശകലനം ചെയ്യുന്നതിനും അനുബന്ധ വിവരങ്ങൾ വേഗത്തിൽ റിപ്പോർട്ട് ചെയ്യുന്നതിനുമാണ് ബന്ധപ്പെട്ട യൂണിറ്റുകളെ ബാധിത സ്ഥലങ്ങളിലേക്ക് അയച്ചത്.
ഭൂചലനത്തിൽ തകർന്ന കെട്ടിടങ്ങളുടെയും വീടുകളുടെയും അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിന്യസിച്ചു.
ഗാൻസു പ്രവിശ്യാ ഫയർ ആൻഡ് റെസ്ക്യൂ കോർപ്സ് ഡിംഗ്സി, ലാൻഷൗ, ടിയാൻഷുയി എന്നിവിടങ്ങളിൽ നിന്ന് 280 ഉദ്യോഗസ്ഥരെയും 42 ഫയർ ട്രക്കുകളെയും 2,000ത്തിലധികം സെറ്റ് ഉപകരണങ്ങളെയും അയച്ചു.
