കൊച്ചി: കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ ഐടി സ്ഥാപന ഉടമയെ ഭീഷണിപ്പെടുത്തി 20 കോടി രൂപയുടെ ഒപ്പിട്ട ചെക്ക് ലീഫും 50,000 രൂപയും കൈവശപ്പെടുത്തിയ മുൻ ജീവനക്കാരിയും ഭര്‍ത്താവും അറസ്റ്റില്‍. ഐടി സ്ഥാപനത്തിലെ മുന്‍ ജീവനക്കാരി ശ്വേത ബാബു (43), ഭര്‍ത്താവ് തൃശ്ശൂര്‍ ചാവക്കാട് പണിക്കെട്ടി വീട്ടിൽ കൃഷ്ണരാജ് (39) എന്നിവരെയാണ് കൊച്ചി സിറ്റി സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഐടി കമ്പനി ഉടമ നൽകിയ സ.പരാതിയിലാണ് അറസ്റ്റ്’. ശ്വേതയുമായി കമ്പനിയുടമയ്ക്ക് അവിഹിതബന്ധമുണ്ടെന്നും ബലാത്സംഗക്കേസില്‍പ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് 20 കോടി രൂപയുടെ ചെക്ക് ലീഫും ഉടമയുടെ അക്കൗണ്ടില്‍ നിന്ന് 50,000 രൂപയും പ്രതികൾ കൈവശപ്പെടുത്തിയത്.
അടുത്തിടെ ജോലിയില്‍ ‘നിന്ന് രാജിവെച്ച ശ്വേതയും ഭർത്താവും ഇക്കഴിഞ്ഞ 23-ന് വൈകീട്ട് ഏഴിനാണ് കമ്പനി ഡയറക്ടറെ കൊച്ചിയിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയാണ് ഭീഷണിപ്പെടുത്തിയത്. ബലാത്സംഗക്കേസ് നല്‍കുമെന്നായിരുന്നു ഭീഷണി. അല്ലെങ്കിൽ 30 കോടി രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. ഹോട്ടലില്‍ വെച്ചുതന്നെ 10 കോടി രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനും ബാക്കി തുക, 10 കോടിയുടെ രണ്ട് ചെക്കുകളായി നല്‍കാനും നിർദ്ദേശിച്ചു. 29-ാം തിയ്യതി ഐടി സ്ഥാപന ഉടമയുടെ പക്കല്‍നിന്ന് പ്രതികള്‍ നിർബന്ധപൂർവ്വം 20 കോടിയുടെ ചെക്ക് ഒപ്പിട്ടുവാങ്ങി. തുടർന്നാണ് കമ്പനി ഉടമ സിറ്റി പോലീസില്‍ പരാതി നല്‍കിയത്.
പോലീസ് അന്വേഷണത്തില്‍ പ്രതികള്‍ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നുവെന്ന് വ്യക്തമായതോടെ സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് ജോയിയുടെ നേതൃത്വത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു. ഡിസിപി ജുവനപ്പടി മഹേഷിന്റെയും സെന്‍ട്രല്‍ എസിപി സിബി ടോമിന്റെയും മേല്‍നോട്ടത്തിൽ നടന്ന ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കി.
