ബെംഗളൂരു : കര്‍ണാടകയിൽ വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയിൽ വൻ കവര്‍ച്ച. എട്ടു കോടി രൂപയും 50 പവന്‍ സ്വര്‍ണവും നഷ്ടപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് ഏഴര മണിക്കായിരുന്നു സംഭവം. ബാങ്ക് അടയ്ക്കാന്‍ നേരത്ത് സൈനിക യൂണിഫോമിലെത്തിയ കവര്‍ച്ച സംഘം ബാങ്കിലെ മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷമാണ് കവർച്ച നടത്തിയത്.
ഒമ്പതോളം പേര്‍ സംഘത്തിലുണ്ടായിരുന്നുവെന്നാണ് ജീവനക്കാര്‍ നല്‍കുന്ന വിവരം. ഇവര്‍ മുഖം മറച്ചിരുന്നു. കൈയില്‍ തോക്കും മറ്റ് മാരകായുധങ്ങളും ഉണ്ടായിരുന്നുവെന്നും ജീവനക്കാര്‍ പറയുന്നു. . കവര്‍ച്ചയ്ക്ക് ശേഷം മഹാരാഷ്ട്ര ഭാഗത്തേക്കാണ് സംഘം രക്ഷപ്പെട്ടത്. ഇവര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ സോലാപുരില്‍ പോലീസ് കണ്ടെത്തി. കാറും കവര്‍ച്ച നടത്തിയ സ്വര്‍ണത്തിന്റെ ഒരു ഭാഗവും ഉപേക്ഷിച്ചാണ് മോഷണ സംഘം രക്ഷപ്പെട്ടത്. ആടുകളെ ഇടിച്ചതിന് ശേഷം ഇവർ കാര്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.