ന്യൂഡൽഹി : ഡൽഹി ചെങ്കോട്ട കാർ സ്ഫോടനക്കേസ് അന്വേഷണം പൂർണ്ണമായും ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ)ക്ക് കൈമാറി ആഭ്യന്തര മന്ത്രാലയം. പിന്നാലെ സ്ഫോടന കേസ് അന്വേഷണം ഏറ്റെടുത്തതായി എൻഐഎ അറിയിച്ചു. ചാവേർ ആക്രമണ സാദ്ധ്യതയാണ് എൻഐഎ സംശയിക്കുന്നത്. വിവിധ അന്വേഷണ ഏജൻസികൾ നടത്തിയ അന്വേഷണത്തിൻ്റെ വിശദാശങ്ങളെല്ലാം ഇനി എൻഐഎക്ക് കൈമാറും.
ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾ ഇതുവരെ 13 പേരെ ചോദ്യം ചെയ്തിട്ടുണ്ട്. സ്ഫോടനത്തിൽ എട്ടുപേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. 13 പേർ മരിച്ചതായാണ് അനൗദ്യേഗിക വിവരം. പരിക്കേറ്റ് ചികിത്സയിലുള്ളത് ഇരുപതിലേറെ പേരാണ്. ഇവരിൽ 6 പേരുടെ നില അതീവ ഗുരുതരമാണ്. എന്നാൽ, സ്ഫോടനത്തെപ്പറ്റി കൂടുതൽ എന്തെങ്കിലും പറയാൻ പോലീസ് തയ്യാറായില്ല. വസ്തുതകൾ കൂടുതൽ വ്യക്തമാകും വരെ ഒന്നും പ്രതികരിക്കാനില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡി സി പി രാജ ഭാണ്ടിയ ഐപിഎസ് വ്യക്തമാക്കി.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പരിശോധന ഊർജ്ജിതമായി നടക്കുകയാണ്. തന്ത്രപ്രധാന സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിലുകളിലും മെട്രോ സ്റ്റേഷനുകളിലും കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. യാത്രക്കാരുടെ ബാഗേജുകൾ ഉൾപ്പെടെ കൃത്യമായ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. പരിശോധനയ്ക്ക് ഡോഗ് സ്‌ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷയും കൂടുതൽ ശക്തമാക്കി. ഇനിയുള്ള മൂന്ന് ദിവസം ഈ കർശന പരിശോധന തുടരും.
