ചെന്നൈ : അമേരിക്കയിൽ ഇന്ത്യൻ വംശജയായ തെലുങ്ക് യുവതി നികിത റാവു ഗോഡിശാലയെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് കടന്ന പ്രതി അർജുൻ ശർമ്മയെ തമിഴ്നാട്ടിൽ വെച്ച് പിടികൂടി പോലീസ്. അമേരിക്കയിലെ മേരിലാൻഡിൽ ഡാറ്റ അനലിസ്റ്റായ നികിത റാവു ഗോഡിശാല(27)യെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ അർജുൻ ശർമ(26)യെ തമിഴ്‌നാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇന്റർപോളിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയതെന്നും വൈകാതെ തന്നെ യുഎസിന് കൈമാറുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യൻ-അമേരിക്കൻ യുവതിയായ നികിതയെ ജനുവരി രണ്ട് മുതലാണ് കാണാതായത്. നികിതയുടെ മുൻ കാമുകനായ അർജുൻ ശർമ്മ തന്നെയാണ് യുവതിയെ കാണാനില്ലെന്ന പരാതിയുമായി ഹൊവാർഡ് കൗണ്ടി പോലീസിനെ സമീപിച്ചത്. പുതുവത്സര തലേന്നാണ് നികിതയെ അവസാനമായി കണ്ടതെന്നായിരുന്നു ഇയാളുടെ മൊഴി.
നികിതയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയതിന് പിന്നാലെ യുഎസ് ഫെഡറൽ ഏജൻസികൾ അർജുൻ ശർമയ്ക്കായി തിരച്ചിൽ ആരംഭിച്ചിരുന്നു. പ്രതി ഇന്ത്യയിലേക്ക് കടന്നതായി സ്ഥിരീകരിച്ചതോടെ ഇന്റർപോളിനും ഇന്ത്യയിലെ അന്വേഷണ ഏജൻസികൾക്കും വിവരങ്ങൾ കൈമാറി. തുടർന്ന് ഇന്ത്യയിലെയും യുഎസിലെയും അന്വേഷണ ഏജൻസികളുടെ സംയുക്തനീക്കത്തിനൊടുവിലാണ് തമിഴ്‌നാട്ടിൽ നിന്ന് പ്രതിയെ അറസ്റ്റ്‌ചെയ്തത്.
ജനുവരി 3-ന് മേരിലാൻഡിലെ കൊളംബിയയിൽ ട്വിൻ ടവേഴ്‌സ് റോഡിലെ അർജുന്റെ അപ്പാർട്ട്‌മെന്റിൽ പോലീസ് നടത്തിയ പരിശോധനയിലാണ് നികിതയുടെ മൃതദേഹം കണ്ടെത്തിയത്. നികിതയുടെ ശരീരത്തിൽ ഒന്നിലധികം കുത്തേറ്റ പാടുകൾ ഉണ്ടായിരുന്നു. ഇതോടെ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് കൊലപാതക കുറ്റം ചുമത്തി അർജുനെതിരെ ഹൊവാർഡ് കൗണ്ടി പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിയ്ക്കുകയായിരുന്നു.
2025 ഫെബ്രുവരി മുതൽ ‘വേദ ഹെൽത്ത്’ എന്ന സ്ഥാപനത്തിൽ ഡാറ്റാ ആൻഡ് സ്ട്രാറ്റജി അനലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു നികിത. മികച്ച പ്രവർത്തനത്തിന് കമ്പനിയുടെ പ്രത്യേക അവാർഡും നികിതയ്ക്ക് ലഭിച്ചിരുന്നു. മേരിലാൻഡിലെ എലിക്കോട്ട് സിറ്റിയിൽ തനിച്ചായിരുന്നു താമസം.
അർജുൻ ഇന്ത്യയിലേക്ക് കടന്നതോടെ അമേരിക്കൻ ഫെഡറൽ ഏജൻസികൾ ഇന്ത്യൻ അധികൃതരുമായി ചേർന്ന് അന്വേഷണം ഊർജ്ജിതമാക്കി. ഇന്റർപോൾ വഴി വിവരങ്ങൾ കൈമാറിയതിനെത്തുടർന്ന് തമിഴ്നാട്ടിൽ നിരീക്ഷണത്തിലായിരുന്ന പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. ഇയാളെ അമേരിക്കയ്ക്ക് കൈമാറുന്നതിനുള്ള നിയമനടപടികൾ ഉടൻ ആരംഭിക്കും. അമേരിക്കയിലെ ഇന്ത്യൻ എംബസി നികിതയുടെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. കുടുംബത്തിന് സാദ്ധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും പ്രാദേശിക അധികൃതരുമായി ചേർന്ന് കേസ് നിരീക്ഷിച്ചു വരികയാണെന്നും എംബസി അറിയിച്ചു.
ഹൈദരാബാദിലെ ജവഹർലാൽ നെഹ്‌റു ടെക്‌നോളജിക്കൽ സർവ്വകലാശാലയിൽ നിന്ന് 2021-ൽ ഫാം ഡി പഠനവും യൂണിവേഴ്‌സിറ്റി മെരിലാൻഡിൽ ഹെൽത്ത് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ നികിത,
റാട്ടിൽ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ക്ലിനിക്കൽ ഡേറ്റ സ്‌പെഷ്യലിസ്റ്റായി ജോലിചെയ്തിരുന്നു. ഇതിനുശേഷമാണ് അമേരിക്കയിൽ ജോലി നേടി പോയത്.
