തൃശ്ശൂർ : ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയും കാലടി സ്വദേശിനിനിയുമായ ലിവിയ ജോസും തൃപ്പുണിത്തുറ സ്വദേശി നാരായണദാസുമാണ് കേസിലെ പ്രതികൾ. തൃശ്ശൂർ സെഷൻസ് കോടതിയിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. എക്സൈസ് ഉദ്യോഗസ്ഥരെ സാക്ഷികൾ.
ലിവിയ ജോസും സുഹൃത്തായ നാരായണ ദാസും ചേർന്നാണ് ബംഗളൂരുവിൽ നിന്ന് വ്യാജ ലഹരി സ്റ്റാംപ് വാങ്ങി ഷീല സണ്ണിയുടെ ബാഗിൽ വെച്ചത്. ഷീല സണ്ണി ലിവിയയെ സ്വഭാവ ദൂഷ്യം ആരോപിച്ചതിന്റെ വൈരാഗ്യമായിരുന്നു ലഹരി കേസിൽ കുടുക്കിയതെന്നാണ് മൊഴി. ലഹരി സ്റ്റാംപ് വ്യാജമായതോടെ കേസ് പൊളിയുകയായിരുന്നു. 2023 മാര്‍ച്ച് 27 നാണ് ഷീലാ സണ്ണിയുടെ സ്കൂട്ടറിലെ ബാഗില്‍ നിന്നും എല്‍എസ്ഡി സ്റ്റാമ്പുകളെന്ന് പറയുന്ന വസ്തുക്കള്‍ പിടികൂടിയത്. തുടര്‍ന്ന് 72 ദിവസം ഷീല സണ്ണി ജയിലാവുകയും ചെയ്തു. പിന്നീട് നടത്തിയ രാസ പരിശോധനയില്‍ വ്യാജ ലഹരിയാണെന്ന് വ്യക്തമായതോടെ ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കുകയായിരുന്നു.
ഷീല സണ്ണിയുടെ വാഹനത്തിൽ ലഹരി മരുന്ന് വെച്ച ശേഷം അക്കാര്യം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത് തൃപ്പൂണിത്തുറ സ്വദേശിയായ നാരായണദാസ് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം ലിവിയയിലേക്ക് എത്തുന്നത്. ലിവിയയുടെ നിര്‍ദ്ദേശപ്രകാരമാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽ എല്‍ എസ്ഡി സ്റ്റാംപ് വെച്ചതെന്നാണ് നാരായണ ദാസിൻ്റെ പോലീസിനോടുള്ള കുറ്റസമ്മതമൊഴി. തുടര്‍ന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോള്‍ ലിവിയ ദുബൈയിലേക്ക് കടന്നെങ്കിലും പോലീസ് കേസുമായി ബന്ധപ്പെട്ട് നാട്ടിലെത്തിക്കുകയായിരുന്നു.
