ശബരിമല സ്വർണ്ണക്കവർച്ചയിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തലുകളിൽ കൂടുതൽ പുരോഗതി.
കർണാടകയിലെ വ്യാപാരി ഗോവർധനന് ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന പറഞ്ഞ സ്വർണ്ണം കഴിഞ്ഞ ദിവസം എസ്ഐടി കണ്ടെത്തി. ബെല്ലാരിയിൽ നിന്ന് 400 ഗ്രാം സ്വർണമാണ് പ്രത്യോക അന്വേഷണ സംഘം കണ്ടെത്തിയത്. ഗോവര്‍ധനന്റെ ബെല്ലാരിയിലെ ജ്വല്ലറിയിൽ നടത്തിയ പരിശോധനയിലാണ് എസ്‌ഐടിക്ക് സ്വർണ്ണം കണ്ടെത്താനായത്.
ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് ഉരുക്കിയെടുത്ത സ്വർണ്ണമാണ് ബെല്ലാരിയില്‍ കൊണ്ടുവന്ന് വില്‍പ്പന നടത്തിയത്. പോറ്റി തനിക്ക് സ്വർണ്ണം വിറ്റതായി വ്യാപാരി ഗോവർദ്ധനനും
സ്വർണം വിറ്റ് പണം കൈപ്പറ്റിയിരുന്നതായി ഉണ്ണികൃഷ്ണൻ പോറ്റിയും മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ബെല്ലാരിയിലെ പരിശോധന. ഉണ്ണികൃഷ്ണൻ പോറ്റി 476 ഗ്രാം സ്വർണം കൈമാറിയെന്നായിരുന്നു ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധൻ മൊഴി നൽകിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർധനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും എസ്ഐടി പരിശോധിച്ച് വരികയാണ്.
അതിനിടെ കേസിലെ രണ്ടാം പ്രതി മുരാരി ബാബുവിന്റെ വീട്ടിൽ നിന്ന് നിർണായക രേഖകൾ കണ്ടെത്തിയതായും അറിയുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളാണ് കണ്ടെത്തിയത്. നാല് മണിക്കൂറോളമാണ് എസ്ഐടി ഉദ്യോഗസ്ഥർ മുരാരി ബാബുവിന്റെ പെരുന്നയിലെ വീട്ടിൽ ഇന്നലെ പരിശോധന നടത്തിയത്.
