ഏഴ് വർഷമായി കാണാതായ ഭർത്താവിനെ മറ്റൊരു സ്ത്രീയുമൊത്ത് ഇൻസ്റ്റാഗ്രാം റീലിൽ കണ്ടെത്തി ഭാര്യ. ഉത്തർപ്രദേശിലെ ഹാർഡോയിയിലാണ് സംഭവം. സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്ത ഒരു റീലാണ് ഭാര്യയെ ഉപേക്ഷിച്ച് മുങ്ങിയ വിരുതനെ പിടികൂടാൻ വഴിയൊരുക്കിയത്.
ബബ്ലു എന്ന ജിതേന്ദ്ര കുമാറിനെ 2018 മുതലാണ് കാണാതായത്. 2017 ലായിരുന്നു ഷീലുവുമായുള്ള ഇയാളുടെ വിവാഹം. ഒരു വർഷത്തിനുള്ളിൽ തന്നെ സ്ത്രീധനത്തിൻ്റെ പേരിൽ ബന്ധം വഷളായി. പിന്നെ സ്ത്രീധനത്തിൻ്റെയും സ്വർണ്ണാഭരണങ്ങളുടേയും പേരിൽ പീഡനം. ആവശ്യങ്ങൾ നിറവേറ്റാതായപ്പോൾ ഭർതൃവീട്ടിൽ നിന്ന് പുറത്താക്കിയതായും ആരോപിക്കുന്നു. ഇതിനെത്തുടർന്ന്, സ്ത്രീധന പീഡനത്തിന് അവളുടെ കുടുംബം പരാതി നൽകി.
കേസ് അന്വേഷണം പുരോഗമിക്കവെ, ജിതേന്ദ്ര പെട്ടെന്ന് അപ്രത്യക്ഷനായി. 2018 ഏപ്രിൽ 20 ന് അയാളുടെ പിതാവ് മകനെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നൽകി. തുടർന്ന് പോലീസ് വിപുലമായ തിരച്ചിൽ ആരംഭിച്ചു. ഫലമുണ്ടായില്ല. ഷീലുവും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം നശിപ്പിച്ചതാവാം എന്നുവരെ ജിതേന്ദ്രയുടെ കുടുംബം ആരോപിച്ചു.
അപവാദങ്ങൾക്കിടയിലും ഭർത്താവ് എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ഷീലുവിൻ്റെ ജീവിതം. ഇതിനിടയിലാണ്, വർഷങ്ങൾക്കിപ്പുറം വളരെ യാദൃശ്ചികമായി ഭർത്താവും മറ്റൊരു സ്ത്രീയും തമ്മിലുള്ള പ്രേമസല്ലാപത്തിൻ്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഷീലു കാണുന്നത്. അയാളെ തിരിച്ചറിഞ്ഞയുടൻ കോട്വാലി സാൻഡില പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് അന്വേഷണത്തിൽ ജിതേന്ദ്ര സ്വയം തിരോധാനം നടത്തി ലുധിയാനയിലേക്ക് താമസം മാറിയതാണെന്നും അവിടെ വെച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതായും കണ്ടെത്തി. ഷീലുവിന്റെ പരാതിയുടെയും സോഷ്യൽ മീഡിയയിൽ നിന്ന് ലഭ്യമായ തെളിവുകളുടെയും അടിസ്ഥാനത്തിൽ ജിതേന്ദ്രയെ കസ്റ്റഡിയിലെടുത്തതായി സാൻഡില സർക്കിൾ ഓഫീസർ (സിഒ) സന്തോഷ് സിംഗ് സ്ഥിരീകരിച്ചു. ദ്വിഭാര്യത്വം, വഞ്ചന, സ്ത്രീധന പീഡനം എന്നിവയുമായി ബന്ധപ്പെട്ട പ്രസക്തമായ നിയമ വകുപ്പുകൾ പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
പ്രണയിനി എടുത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത റീൽ ഇങ്ങനെയൊരു ചതി ചെയ്യുമെന്ന് ജിതേന്ദ്രയും കരുതി കാണില്ല !