കണ്ണൂർ : കണ്ണപുരം സ്‌ഫോടന കേസില്‍ അറസ്റ്റ് ചെയ്ത പ്രതി അനൂപ് മാലിക്കിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. സ്‌ഫോടനത്തിന് പിന്നാലെ ഒളിവില്‍ പോയ അനൂപ് മാലിക്കിനെ കാഞ്ഞങ്ങാട് നിന്നാണ് പിടികൂടിയത്. സ്‌ഫോടക വസ്തുകള്‍ ആര്‍ക്ക് വേണ്ടിയാണ് നിർമ്മിച്ച് നല്‍കുന്നത് എന്നതിലേക്കായിരിക്കും പ്രധാന അന്വേഷണം. സ്‌ഫോടക വസ്തു നിര്‍മിക്കാനുള്ള വെടിമരുന്ന് ഉള്‍പ്പെടെ എവിടെ നിന്ന് ലഭിക്കുന്നുവെന്നും, കൊല്ലപ്പെട്ടയാളല്ലാതെ കൂടുതല്‍ ആളുകള്‍ സംഘത്തില്‍ ഉണ്ടോയെന്നും പൊലീസ് പരിശോധിക്കും. മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇയാള്‍ സ്‌ഫോടക വസ്തുക്കള്‍ നല്‍കുന്നുണ്ടോ എന്നതിലേക്കും അന്വേഷണം നീളും.
ശനിയാഴ്ച പുലർച്ചെ കണ്ണപുരം കീഴറയില്‍ വാടക വീട്ടില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തിൽ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് മരിച്ചത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വീട് പൂര്‍ണമായി തകര്‍ന്നു. നിലംപതിച്ച വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് മുഹമ്മദ് ആഷാമിന്റെ മൃതദേഹം പുറത്തെടുത്തത്. പോലീസ് പരിശോധനയില്‍ പൊട്ടിത്തെറിച്ചത് ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുകളെന്ന് കണ്ടെത്തിയിരുന്നു.
പയ്യന്നൂരില്‍ സ്‌പെയര്‍ പാര്‍ട്‌സ് കട നടത്തുന്നയാളെന്ന് വിശ്വസിപ്പിച്ചാണ് അനൂപ് വീട് വാടകക്ക് എടുത്തതെന്നാണ് വീട്ടുടമയുടെ പ്രതികരണം. അനൂപിന്റെ നിര്‍ദ്ദേശത്തിന് അനുസരിച്ച് സ്‌ഫോടക വസ്തുകള്‍ നിര്‍മിച്ചു എത്തിച്ചുനല്‍കുന്നത് കൊല്ലപ്പെട്ട ആഷാമാണെന്നാണ് കണ്ടെത്തല്‍. അനൂപിനെതിരെ വിവിധ സ്റ്റേഷനുകളിലായി സ്‌ഫോടക വസ്തു നിയമപ്രകാരമുള്ള ആറ് കേസുകള്‍ നിലവിലുണ്ട്.