കുറുപ്പംപടി: ഗുജറാത്തിൽ നടന്ന ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാമെന്ന് പറഞ്ഞ് കൈക്കൂലി വാങ്ങിയ കേസിൽ കുറുപ്പംപടി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഉൾപ്പെടെ 4 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. സ്റ്റേഷനിലെ റൈറ്ററും ഗ്രേഡ് എസ് ഐയുമായ അബ്ദുൾ റൗഫ്, സിപിഒമാരായ സഞ്ജു ജോസ്, ഷക്കീർ, ഷെഫീക് എന്നിവരെയാണ് ഞ്ഞ്ഞ്ഞ് എസ്‌പി എം. ഹേമലത അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി വ്യാഴാഴ്ച വിജിലൻസ് സംഘം കുറുപ്പംപടി പോലീസ് സ്റ്റേഷനിൽ പരിശോധന നടത്തിയതിനു പിന്നാലെയാണ് നടപടി.
കുറുപ്പംപടിയിലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടത്. ഗുജറാത്തിൽ നടന്ന ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതികളെ കേസിൽ നിന്ന് രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് 6.60 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്.
ഗുജറാത്ത് പോലീസ് സ്ഥലത്തെത്തി കുറുപ്പംപടി പോലീസിന്റെ സഹായത്തോടെയാണ് ‘പ്രതിയെന്നു സംശയിക്കുന്ന പുല്ലുവഴി സ്വദേശിക്ക് നോട്ടീസ് നൽകിയത്. നോട്ടീസ് കൈപ്പറ്റിയ ആൾ നൽകിയ വിവരമനുസരിച്ച് മറ്റൊരാളെ കൂടി പോലീസ് ചോദ്യം ചെയ്തു. ഇതിനിടെയാണ് കേസ് ഒത്തുതീർപ്പാക്കി നൽകാമെന്നു പറഞ്ഞ് രണ്ട് പ്രതികളിൽ നിന്ന് 3.30 ലക്ഷം വീതം ആകെ 6.60 ലക്ഷം വാങ്ങുകയും ഗുജറാത്തിൽ നിന്നെത്തിയ രണ്ട് പോലീസുകാർക്ക് 60,000 രൂപ നൽകുകയും ചെയ്തത്. ബാക്കി ആറുലക്ഷം രൂപ നാല് പോലീസുകാർ പങ്കിടുകയും ചെയ്തുവെന്നാണ് രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ട്
