തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചക്കേസിൽ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ബെല്ലാരിയിലെ ജുവലറി ഉടമയുടെ മൊഴി പുറത്ത്. ജുവലറി ഉടമ ഗോവർദ്ധനിൽ നിന്നും പലപ്പോഴായി ഒന്നരക്കോടി രൂപ ഉണ്ണികൃഷ്ണൻ പോറ്റി കൈപ്പറ്റിയതായാണ് മൊഴി. പണം നൽകിയ ശേഷമാണ് സ്വർണം വാങ്ങിയതെന്ന് ഉടമ പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞു. ഇടപാട് നടന്നതിന്റെ തെളിവും ജ്വല്ലറി ഉടമ ഹാജരാക്കിയതായാണ് അറിവ്. ദേവസ്വം സ്വത്തെന്ന് അറിഞ്ഞുകൊണ്ടാണ് ഗോവർദ്ധൻ സ്വർണ്ണവിൽപ്പനയ്ക്ക് കൂട്ടുനിന്നത് എന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ബല്ലാരിയിലെ റോഡം ജുവൽസ് നടത്തുന്ന ഗോവർദ്ധനിൽ നിന്ന് ഏകദേശം 400 ഗ്രാം സ്വർണ്ണം കണ്ടെടുത്തതായി രണ്ടു മാസം മുൻപ് റിപ്പോർട്ട് ഉണ്ടായിരുന്നു. ശ്രീരാമപുരത്തെ കോത്താരി മാൻഷനിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫ്ലാറ്റിൽ നിന്ന് ഏകദേശം 170 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തതായും എസ്ഐടി പറയുന്നു. ആഭരണങ്ങൾ, ബാറുകൾ, നാണയങ്ങൾ എന്നിവയുൾപ്പെടെ പിടിച്ചെടുത്ത സ്വർണ്ണം ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ സ്വർണ്ണത്തിൽ നിന്ന് കൊള്ളയടിച്ചതാണോ എന്ന് നിർണ്ണയിക്കാൻ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. കർണാടക പോലീസിന്റെ പിന്തുണയോടെയായിരുന്നു എസ്‌ഐടിയുടെ പരിശോധന.
