തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കവർച്ച കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ മൊഴി നൽകി കര്‍ണാടക ബെല്ലാരിയിലെ സ്വർണ്ണവ്യാപാരി ഗോവര്‍ധന്‍. പോറ്റി തനിക്ക് സ്വര്‍ണ്ണം വിറ്റെന്നാണ് ഗോവര്‍ധന്‍ പ്രത്യേക അന്വേഷണസംഘത്തിന് മുന്നിൽ നൽകിയ മൊഴി. ശബരിമലയിലെ ദ്വാരപാലകപാളികളില്‍ നിന്ന് വേര്‍തിരിച്ച 476 ഗ്രാം സ്വര്‍ണ്ണമാണ് ഇങ്ങനെ വിപണി വിലയ്ക്ക് ഗോവര്‍ധന് ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റത്. സ്വര്‍ണം വേര്‍തിരിച്ചപ്പോള്‍ ബാക്കി വന്ന ഈ സ്വർണ്ണം പോറ്റിക്ക് നല്‍കിയത് സ്മാര്‍ട്ട് ക്രിയേഷന്‍സാണെന്ന കാര്യവും ഗോവര്‍ധന്‍ എസ്‌ഐടിയോട് സ്ഥിരീകരിച്ചു.
2012-13 കാലഘട്ടത്തില്‍ ബംഗളൂരുവിലെ ശ്രീറാംപുരം അയ്യപ്പക്ഷേത്രത്തില്‍ വെച്ചാണ് പോറ്റിയുമായി പരിചയപ്പെടുന്നത്. ശബരിമലയിലെ പൂജാരിയെന്ന് പറഞ്ഞാണ് പോറ്റി സ്വയം പരിചയപ്പെടുത്തിയത്. തന്നില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പിന്റെ പേരില്‍ പലപ്പോഴായി പോറ്റി സ്വര്‍ണ്ണം വാങ്ങി. ബെല്ലാരിയിലെത്തി വിറ്റ സ്വര്‍ണം വീണ്ടെടുക്കാനും ഒപ്പം ചെന്നൈ അമ്പത്തൂരിലുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തി തെളിവെടുപ്പ് നടത്താനും അന്വേഷണ സംഘം തയ്യാറായേക്കും.
അതേസമയം, എസ്‌ഐടി പോറ്റിയുമായി തെളിവെടുപ്പിന് ബംഗളൂരുവിലേക്ക് പോയിട്ടുണ്ട്. ശേഷം മുരാരി ബാബുവിനായി കസ്റ്റഡി അപേക്ഷ നല്‍കുമെന്നാണ് അറിയുന്നത്.
