തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഇന്നലെ ലഭിച്ച പരാതി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി ഡിജിപി. അതിജീവിത ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി ഉള്‍പ്പെടെ ഈ പരാതിയുടെ ഭാഗമാകും. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പുതിയ പരാതിയിലും പ്രത്യേക അന്വേഷണസംഘം വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നത്. വിവാഹ വാഗ്ദാനം നല്‍കി രാഹുൽ മാങ്കൂട്ടത്തിൽ ക്രൂരമായ പീഡനത്തിന് ഇരയാക്കിയതായി വ്യക്തമാക്കി കോണ്‍ഗ്രസ് നേതൃത്വത്തിന് യുവതി അയച്ച പരാതിയാണ് ഡിജിപിക്ക് കൈമാറി കിട്ടിയത്.
യുവതിയുടെ പരാതിയില്‍ ഗുരുതര ആരോപണങ്ങളാണുള്ളത്. വിവാഹ വാഗ്ദാനം ചെയ്തായിരുന്നു പീഡനം. വിവാഹാഭ്യര്‍ത്ഥന നടത്തിയ രാഹുല്‍ പിന്നീട് അതില്‍ നിന്ന് പിന്മാറി. ലൈംഗിക ഉദ്ദേശത്തോടെ രാഹുല്‍ പിന്നെയും സമീപിച്ചതായി യുവതിയുടെ പരാതി. രാഷ്ട്രീയ അധികാരം ഉപയോഗിച്ചായിരുന്നു രാഹുലിന്റെ പ്രവര്‍ത്തി. രാഹുലിനെതിരെ നേരത്തെ ഈ യുവതി ആരോപണം
ഉന്നയിച്ചിരുന്നെങ്കിലും പരാതി നൽകുന്നത് ആദ്യമാണ്.
വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്ന് യുവതി പറഞ്ഞു. കോണ്‍ഗ്രസ് വേദികളില്‍ നിന്ന് രാഹുലിനെ വിലക്കണമെന്നും യുവതി ആവശ്യപ്പെട്ടു .രാഹുലിന് ഒപ്പമുള്ളവരെയും ഭയക്കുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും യുവതി പരാതി നല്‍കിയിട്ടുണ്ട്.
