രാംഗഡ് : മോഷണക്കുറ്റം ആരോപിച്ച് ഏഴ് വയസ്സുകാരനെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. ജാർഖണ്ഡിലെ രാംഗഡ് ജില്ലയിൽ നിന്നാണ് വാർത്ത വരുന്നത്. കുട്ടിയെ കൈകാലുകൾ കെട്ടിയിട്ട് മർദ്ദിക്കുന്നതിന്റെ 20 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വീഡിയോ സ്ഥിരീകരിച്ച് പ്രതികളിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
ജനുവരി 9 ന് പത്രാട്ടു പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഡീസൽ കോളനിയിലാണ് സംഭവം നടന്നത്. പ്രതിയായ ബബ്ലു പ്രസാദ് അഥവാ ടികാധാരിയാണ് അറസ്റ്റിലായത്. വൈറൽ വീഡിയോ വിശകലനം ചെയ്ത ശേഷം, പ്രധാന പ്രതിയായ ബബ്ലു പ്രസാദിനെ അറസ്റ്റ് ചെയ്തതായും ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചിട്ടുണ്ടെന്നും പത്രാട്ടു പോലീസ് സ്റ്റേഷൻ ഇൻചാർജ് ശിവ്‌ലാൽ ഗുപ്ത വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഏഴുവയസ്സുകാരൻ്റെ മൂത്ത സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും (ഐപിസി) പോക്സോ നിയമത്തിലെയും വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കോളനിയിലെ മറ്റ് രണ്ട് പുരുഷന്മാരോടൊപ്പം ബബ്ലു പ്രസാദും കുട്ടിയെ തടഞ്ഞുനിർത്തി പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് മർദ്ദിച്ചുവെന്ന് പരാതിക്കാരൻ ആരോപിച്ചു. തുടർന്ന് അവർ കുട്ടിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് വ്യക്തികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും ശ്രമം തുടരുകയാണെന്ന് പോലീസ് അറിയിച്ചു
