തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ കണ്ഠര് രാജീവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രത്യേക അന്വേഷണ സംഘം. എസ്ഐടി തയ്യാറാക്കിയ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വെളിവാക്കുന്നത്. തന്ത്രി ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്നും സ്വർണ്ണക്കവർച്ച അറിഞ്ഞിട്ടും തടയാതെ കുറ്റകരമായ മൌനാനുവാദം നൽകി എന്നുമാണ് റിമാൻഡ് റിപ്പോർട്ട് പറയുന്നത്.
ശബരിമല ക്ഷേത്രത്തിൽ നടന്ന ആചാര ലംഘനം ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തിയില്ല. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് നേരത്തേതന്നെ ബന്ധമുണ്ടായിരുന്നു. ഈ ബന്ധമുപയോഗിച്ചാണ് സ്വര്‍ണ്ണപ്പാളികള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് കൈമാറുന്നതിന് ഒത്താശചെയ്തത്. ദേവന്റെ അനുജ്ഞ വാങ്ങാതെ, താന്ത്രികവിധികൾ പാലിക്കാതെയാണ് കട്ടിളപ്പാളികൾ കൈമാറിയതെന്നും ആചാര ലംഘനത്തിനെതിരെ യാതൊരു നടപടിയും തന്ത്രി സ്വീകരിച്ചില്ലെന്നും കണ്ഠര് രാജീവരരുടെ അറസ്റ്റ് അനിവാര്യമാണെന്നും എസ്‌ഐടി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി 23 വരെ റിമാൻഡ് ചെയ്യപ്പെട്ട തന്ത്രി കണ്ഠര് രാജിവരര് നിലവിൽ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ ഐസിയുവിലാണ്. തന്ത്രിയുടെ ജാമ്യാപേക്ഷ 13ന് ആണ് പരിഗണിക്കുക
