തിരുവനന്തപുരം : തൊണ്ടി മുതൽ തിരിമറി കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആൻറണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂന്ന് വർഷം ജയിൽ ശിക്ഷക്ക് വിധിക്കപ്പെട്ടതിനെ തുടർന്ന് എംഎല്‍എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കി. ഇത് സംബന്ധിച്ച ഉത്തരവ് നിയമസഭ സെക്രട്ടറിയേറ്റ് പുറത്തിറക്കി. വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന് ഉടൻ കൈമാറും.
തൊണ്ടിമുതൽ മാറ്റിയ കേസിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ആന്റണി രാജുവിന് മൂന്നു വർഷം തടവ് ശിക്ഷ വിധിച്ചത്. വ്യാജ രേഖ ചമയ്ക്കലിന് രണ്ട് വർഷം തടവും തെളിവ് നശിപ്പിക്കലിന് മൂന്ന് വർഷവും ഗൂഢാലോചന കേസിൽ ആറ് മാസവും തടവാണ് കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ച അനുഭവിച്ചാൽ മതി.
കേസെടുത്ത് മൂന്നു പതിറ്റാണ്ടിനു ശേഷമായിരുന്നു വിധി. കേസിലെ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഒന്നാം പ്രതി കെ.എസ് ജോസും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. 1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് ലഹരിമരുന്നുമായി പിടിയിലായ ഓസ്ട്രേലിയൻ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നതാണ് കേസിന് ആസ്പദമായ സംഭവം.
അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 61 ഗ്രാം ഹാഷിഷ് ഓയിലുമായി ഓസ്‌ട്രേലിയൻ പൗരനായ ആൻഡ്രൂ സാൽവദൂർ സർവലി ആണ് അന്ന് പിടിയിലായത്. ഈ കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി പ്രതിയെ പത്ത് വർഷം കഠിനതടവിന് ശിക്ഷിച്ചിരുന്നു. അന്ന് പ്രതിഭാഗം അഭിഭാഷകയായിരുന്ന സെലിൻ വിൽഫ്രഡിന്റെ ജൂനിയർ അഭിഭാഷകനായിരുന്നു ആന്റണി രാജു.
പ്രതിയ്ക്കു വേണ്ടി ഹൈക്കോടതിയിൽ അപ്പീൽ നൽകിയപ്പോഴാണ് തൊണ്ടി മുതലായ അടിവസ്ത്രത്തിൽ കോടതി ജീവനക്കാരനായ ജോസിന്റെ സഹായത്തോടെ കൃത്രിമം നടത്തിയത്. ശേഷം തൊണ്ടിമുതലായ അടിവസ്ത്രം തന്റേതല്ലെന്ന വാദം പ്രതി ഉയർത്തി. ഇത് പ്രതിക്ക് പാകമാകില്ലെന്ന് ബോദ്ധ്യപ്പെട്ടതോടെ കോടതി ഇയാളെ വെറുതെവിട്ടു.
കുറ്റവിമുക്തനായതിന് തൊട്ടുപിന്നാലെ ആൻഡ്രൂ രാജ്യം വിട്ടു. ഓസ്‌ട്രേലിയയിലേക്ക് കടന്ന ആൻഡ്രൂ അവിടെ കൊലക്കേസിൽ പെടുകയും തടവിൽ വെച്ച് സഹതടവുകാരനോട് കേരളത്തിലെ കേസിനെക്കുറിച്ച് പറയുകയുമായിരുന്നു. തുടർന്ന് ഇന്റർപോൾ ആണ് സിബിഐയ്ക്ക് വിവരം കൈമാറുന്നത്. സിബിഐ കേരളാ പോലീസിന് കത്ത് നൽകി. തുടർന്ന് 1994ലാണ് വഞ്ചിയൂർ പൊലീസ് ആന്റണി രാജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
