കണ്ണൂർ : ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്ത് ഡിഐജി വി ജയകുമാർ ഉത്തരവിട്ടു. ഡിപിഒ രജീഷ്, എപിഒമാരായ അഖിൽ, സഞ്ജയ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. . ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് ജയിൽ മേധാവി വ്യക്തമാക്കി.
മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. കണ്ണൂർ നഗരത്തിലെ ആളൊഴിഞ്ഞ ഒരു കെട്ടിടത്തിലെ കിണറ്റിൽ നിന്നാണ് ഗോവിന്ദച്ചാമി പിടിയിലായത്. പുലര്‍ച്ചെ 1.15 നാണ് ഗോവിന്ദച്ചാമി ജയില്‍ചാടിയത്. ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ജയിലിലെ 10 B ബ്ലോക്കിലാണ് ഇയാളെ പാർപ്പിച്ചിരുന്നത്.7 .5 മീറ്റർ ആഴത്തിലുള്ള മതിലിൽ കിടക്കവിരികെട്ടിയാണ് ഇയാൾ മതിൽ ചാടിയത്. മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗിൽ തുണി കയറുപോലെയാക്കി കുരുക്കിട്ട് കയറി രക്ഷപ്പെടുകയായിരുന്നു. ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാനായി സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.