Thursday, January 29, 2026

‘ദിത്വാ’ ചുഴലിക്കാറ്റ് തീരം തൊടുന്നു : ചെന്നൈ അതീവ ജാഗ്രതയിൽ, 54 വിമാന സർവ്വീസുകൾ റദ്ദാക്കി; സ്കൂളുകൾക്ക് അവധി; കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

Date:

ദിത്വാ ചുഴലിക്കാറ്റിൻ്റെ സാദ്ധ്യത പ്രവചിച്ചതിനെ തുടർന്ന് ചെന്നൈ അതീവ ജാഗ്രതയിൽ. ചെന്നൈ വിമാനത്താവളത്തിൽ 54 വിമാന സർവ്വീസുകൾ മുൻകരുതൽ നടപടിയായി റദ്ദാക്കി. സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി പ്രത്യേക ക്ലാസുകളൊന്നും നടത്തരുതെന്ന് സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിലെ അധികൃതരും എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.

വിമാന സർവ്വീസുകൾ റദ്ദാക്കിയ നടപടി ആഭ്യന്തര, പ്രാദേശിക റൂട്ടുകളിലേക്ക് പുറപ്പെടേണ്ടതും അവിടങ്ങളിൽ നിന്ന് എത്തിച്ചേരേണ്ടതുമായ സർവ്വീസുകളെ ബാധിക്കും. മധുര, തിരുച്ചിറപ്പള്ളി, തൂത്തുക്കുടി, സേലം, ബെംഗളൂരു, ഹൈദരാബാദ്, ശ്രീലങ്കയിലെ ജാഫ്ന എന്നിവിടങ്ങളിലേക്കുള്ള സർവ്വീസുകൾ റദ്ദാക്കിയതിൽ പെടും.

ഇൻഡിഗോ എയർലൈൻസ് തൂത്തുക്കുടി, ട്രിച്ചി, മധുര എന്നിവിടങ്ങളിലേക്കുള്ള എല്ലാ വിമാന സർവ്വീസുകളും റദ്ദാക്കിയതായി അറിയിച്ചു. സുരക്ഷ ഉറപ്പാക്കി സാഹചര്യങ്ങൾ മെച്ചപ്പെട്ടാൽ സർവ്വിസുകൾ പുനരാരംഭിക്കുമെന്നും വിമാനക്കമ്പനി അറിയിച്ചു. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരത്തിനും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലൂടെ മണിക്കൂറിൽ 7 കിലോമീറ്റർ വേഗതയിൽ വടക്ക്-വടക്ക് പടിഞ്ഞാറ് ദിശയിൽ നീങ്ങിയതായി ഐ.എം.ഡി. അറിയിച്ചു. നിലവിൽ ട്രിങ്കോമാലി, ബട്ടിക്കലോവ എന്നിവിടങ്ങളോട് ചേർന്നാണ് ചുഴലിക്കാറ്റിൻ്റെ സ്ഥാനം. വടക്കൻ തമിഴ്‌നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളോട് ചേർന്ന് നവംബർ 30-ഓടെ ചുഴലിക്കാറ്റ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചുഴലിക്കാറ്റ് അടുക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ കടലൂർ ജില്ലാ കളക്ടർ സിബി ആദിത്യ സെന്തിൽ കുമാർ വിപുലമായ തയ്യാറെടുപ്പുകൾ പ്രഖ്യാപിച്ചു. തീവ്ര മഴ മുന്നറിയിപ്പ് കണക്കിലെടുത്ത്, വെള്ളപ്പൊക്ക സാദ്ധ്യത കൂടുതലുള്ള പ്രദേശങ്ങൾ മാപ്പ് ചെയ്യുകയും ഉപകരണങ്ങൾ സജ്ജമാക്കുകയും 1.5 ലക്ഷം ആളുകളെ താമസിപ്പിക്കാൻ ശേഷിയുള്ള 233 ദുരിതാശ്വാസ കേന്ദ്രങ്ങൾ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. 24/7 കൺട്രോൾ റൂം തുറന്നിട്ടുണ്ട്, സഹായത്തിനായി 1077 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് നവംബർ 29, 30 തീയതികളിൽ തെക്കൻ, ഡെൽറ്റാ ജില്ലകളിൽ കനത്ത മഴ പ്രവചിച്ചതിനെ തുടർന്ന് എല്ലാ സർക്കാർ ആശുപത്രികളിലും 24 മണിക്കൂറും മെഡിക്കൽ ടീമുകളെ ഡ്യൂട്ടിക്ക് നിയോഗിക്കാൻ ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകിയതായി തമിഴ്‌നാട് ആരോഗ്യ മന്ത്രി മാ സുബ്രഹ്മണ്യൻ അറിയിച്ചു.

പുതുക്കിയ മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും (29/11/2025 & 30/11/2025) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും; കർണാടക തീരത്ത്‌ ഇന്ന് (29/11/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിൽ മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികൾ തീരത്തേക്ക് മടങ്ങണമെന്ന് നിർദ്ദേശിക്കുന്നു.
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം, തമിഴ്‌നാട്, പുതുച്ചേരി തീരങ്ങൾ എന്നിവിടങ്ങളിൽ മത്സ്യബന്ധനം 01/12/2025 വരെ ഒഴിവാക്കേണ്ടതാണ്.
തെക്കൻ ആന്ധ്രാപ്രദേശ്, ശ്രീലങ്കൻ തീരങ്ങൾ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ ഡിസംബർ 01 വരെയും; തെക്കുകിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ്, മാലിദ്വീപ്, കേരള തീരം എന്നിവിടങ്ങളിൽ നവംബർ 30 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.

29/11/2025: കേരള – ലക്ഷദ്വീപ് പ്രദേശം, തെക്ക് കിഴക്കൻ അറബിക്കടലിനോട് ചേർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യത.

30/11/2025: തെക്കൻ കേരള – ലക്ഷദ്വീപ് പ്രദേശം, തെക്ക് കിഴക്കൻ അറബിക്കടലിനോട് ചേർന്ന പ്രദേശങ്ങൾ, എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തിരുവനന്തപുരം – കാസർഗോഡ് റൂട്ടിൽ റാപ്പിഡ് റെയിൽ ട്രാൻസിറ്റുമായി കേരളം;  പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം : അതിവേ​ഗ റെയിൽപാതയുമായി മുന്നോട്ട് നീങ്ങാൻ കേരളം. തിരുവനന്തപുരം മുതൽ...

സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ആനുകൂല്യം മഠങ്ങളിലേക്കും; മതസ്ഥാപനങ്ങളിലെ സ്ത്രീകൾക്കും സംരക്ഷണമൊരുക്കാൻ സർക്കാർ

തിരുവനന്തപുരം : മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ, കോൺവെന്റുകൾ, ആശ്രമങ്ങൾ,...

കുടിൽ മാത്രമല്ല, കുടിശ്ശികയുടെ ഉത്തരവാദിത്തവും സർക്കാർ ഏറ്റെടുക്കുന്നു ; മേപ്പാടി-ചൂരൽമല ദുരന്തബാധിതർക്ക് ഇത് ആശ്വാസത്തിൻ്റെ ചുരമിറക്കം!

കൽപ്പറ്റ : വയനാടിലെ മേപ്പാടി-ചൂരൽമല മേഖലകളിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ വായ്പാ...